NEWS
കാട്ടിനുള്ളിൽ തീറ്റ കുറഞ്ഞു; ചന്ദനമരങ്ങൾ മറിച്ചിട്ട് കാട്ടുപോത്തുകൾ: ഒരു വർഷത്തിനിടെ നിലംപൊത്തിയത് നൂറുകണക്കിനു മരങ്ങൾ

മറയൂർ ∙ കാട്ടിനുള്ളിൽ തീറ്റ കുറഞ്ഞതോടെ നാച്ചിവയൽ ചന്ദന റിസർവിലെ ചന്ദനമരങ്ങൾ മറിച്ചിട്ട് ഇലകളും ഇളംകൊമ്പുകളും തിന്ന് കാട്ടുപോത്തുകൾ. ഒരു വർഷത്തിനിടെ നൂറുകണക്കിനു മരങ്ങളാണ് റിസർവിൽ ഇങ്ങനെ നിലംപൊത്തിയത്. പൂർണവളർച്ചയെത്തുന്നതിനു മുൻപ് മരങ്ങൾ ഇത്തരത്തിൽ നശിക്കുന്നതിനാൽ കോടികളുടെ നഷ്‍ടമാണുണ്ടാകുന്നത്. മറയൂരിലെ പ്രധാന സ്വാഭാവിക ചന്ദന വനമേഖലയാണ് നാച്ചിവയൽ. കാട്ടുപോത്ത്, പുള്ളിമാൻ ഉൾപ്പെടെ ഒട്ടേറെ വന്യമൃഗങ്ങളുടെ ആവാസകേന്ദ്രം കൂടിയാണിത്. വനത്തിനുള്ളിൽ സ്വാഭാവികമായി വളരുന്ന പുല്ലും കുറ്റിച്ചെടികളും മറ്റുമാണ് ഇവയുടെ പ്രധാന തീറ്റ. എന്നാൽ അടിക്കാട് കുറഞ്ഞതോടെ പലയിടത്തും തീറ്റ കുറഞ്ഞു.ഇലകളും കൊമ്പുകളും തിന്നുന്നതിനൊപ്പം ശരീരം ഉരയ്ക്കുന്നതിനും കാട്ടുപോത്തുകൾ ചന്ദനമരം മറിച്ചിടുന്നുണ്ട്. സ്വാഭാവികമായി ഉണങ്ങിപ്പോകുന്ന മരങ്ങൾക്കൊപ്പം കാട്ടുപോത്തുകൾ മറിച്ചിടുന്ന മരങ്ങൾ കൂടിയാകുന്നതോടെ ചന്ദനസമ്പത്തിൽ വലിയ നഷ്ടമാണുണ്ടാകുന്നത്. വീഴുന്ന മരങ്ങളിൽ പലതും പൂർണവളർച്ചയെത്താത്തതിനാൽ കാതലിന്റെ അളവു കുറവായിരിക്കും. പത്തുവർഷത്തോളം കൂടി വളർന്നിരുന്നെങ്കിൽ ലഭിക്കുമായിരുന്ന ഉയർന്ന മൂല്യമാണ് ഇങ്ങനെ നഷ്ടമാകുന്നത്. വനത്തിൽ തീറ്റ കുറയുന്നത് കാട്ടുപോത്തുകളെ വനാതിർത്തിയോടു ചേർന്ന കൃഷിയിടങ്ങളിലേക്കും എത്തിക്കുന്നുണ്ട്. പച്ചക്കറികളും മറ്റു വിളകളും തിന്നുകയും ചവിട്ടിനശിപ്പിക്കുകയും ചെയ്യുന്നത് കർഷകർക്കു നഷ്ടമുണ്ടാക്കുന്നു.
Fashion ⏭️




