NEWS
ജനനാവകാശ പൗരത്വം പരിമിതപ്പെടുത്താൻ ട്രംപ് ഭരണകൂടം; യുഎസിൽ ജനിച്ച കുട്ടികൾക്ക് പാസ്പോർട്ട് ലഭിക്കാൻ പുതിയ നിബന്ധന

വാഷിങ്ടൻ ∙ കുട്ടികൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ മാതാപിതാക്കളോട് അവരുടെ പൗരത്വമോ കുടിയേറ്റ രേഖകളോ ആവശ്യപ്പെടാൻ യുഎസ് ഭരണകൂടം നിർദേശിച്ചതായി റിപ്പോർട്ട്. ജനനാവകാശ പൗരത്വം പരിമിതപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിവരം. ജനനാവകാശ പൗരത്വത്തിന് കൂടുതല് നിയന്ത്രണങ്ങള് ഏര്പ്പെടുത്തുന്ന രണ്ട് പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകളില് ഓഗസ്റ്റ് 6 ന് ട്രംപ് ഒപ്പുവച്ചിരുന്നു. പ്രസവത്തിനായി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ജനിക്കുന്ന കുട്ടികള്, യുഎസിലുള്ള വിദേശ സർക്കാർ ജീവനക്കാരുടെ കുട്ടികള്, ശത്രുരാജ്യങ്ങളിലെ പൗരന്മാരായി കണക്കാക്കപ്പെടുന്നവരുടെ കുട്ടികള് എന്നിവർക്ക് പൗരത്വം ലഭിക്കുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. നിലവിൽ അപേക്ഷാ ഫോമുകളിൽ മാതാപിതാക്കളോട് അവരുടെ പൗരത്വം രേഖപ്പെടുത്താൻ ആവശ്യപ്പെടാറുണ്ടെങ്കിലും കുടിയേറ്റ നില തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടാറില്ല. ഈ നടപടിക്രമത്തിൽ മാറ്റവുമായാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ കരട് മാർഗനിർദേശം. ഇതുപ്രകാരം, യുഎസിൽ ജനിച്ച കുട്ടികൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കുന്ന മാതാപിതാക്കളോട്, അവരുടെ പൗരത്വത്തിന്റെയോ കുടിയേറ്റ നിലയുടെയോ തെളിവുകളും ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെടും. മാതാപിതാക്കൾ അവരുടെ പൗരത്വത്തിന്റെ തെളിവായി അംഗീകൃത യുഎസ് പാസ്പോർട്ടോ ജനന സർട്ടിഫിക്കറ്റോ അല്ലെങ്കിൽ അവരുടെ കുടിയേറ്റ നിലയുടെ തെളിവായി I-94 ഫോമോ നിയമപരമായ സ്ഥിര താമസ കാർഡോ (ഗ്രീൻ കാർഡ്) ഹാജരാക്കണം. ഈ രേഖകളുടെ അടിസ്ഥാനത്തിലാവും കുട്ടിക്ക് പൗരത്വത്തിന് അർഹതയുണ്ടോ എന്ന് നിർണയിക്കുക.
Fashion ⏭️


