ദോശ വൈകി, തട്ടുകട അടിച്ചു തകർത്ത രണ്ടുപേർ അറസ്റ്റിൽ

കൊല്ലം: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് കട അടിച്ചുതകർക്കുകയും നടത്തിപ്പുകാരായ ദമ്പതികളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്രിൽ. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ശൂരനാട് കോയിക്കൽ ചന്തയിലെ തട്ടുകടയിലായിരുന്നു സംഭവം. പന്തൽ പണിക്കാരായ മൂന്നംഗ സംഘം കടയിലെത്തി ദോശ ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ താമസമുണ്ടായെന്നാരോപിച്ച് വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടർന്ന് കടയുടമയായ മനാഫിനെയും ഭാര്യ സീനത്തിനെയും മർദ്ദിക്കുകയും കടയിലെ ഗ്ലാസ് അലമാരയും മറ്റ് പാത്രങ്ങളും അടിച്ചുതകർക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശൂരനാട് പൊലീസിനോടും പ്രതികൾ തട്ടിക്കയറി. ചില്ല് തറച്ച് അജിയുടെ കൈക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. ഒരാൾ ഒളിവിലാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.


