NEWS
ലോകം എണ്ണയിൽ ‘കത്തുമ്പോൾ’ കോടികൾ വാരി യുഎസ് കമ്പനികൾ; ഇതിനായിരുന്നോ ട്രംപിന്റെ ഇറാൻ യുദ്ധം? കൂപ്പുകുത്തി ഇന്ത്യൻ കമ്പനികൾ

‘യുദ്ധമോ അതങ്ങ് ഇറാനിലല്ലേ, അതിനു നമുക്കെന്താ’ എന്നു ചിന്തിച്ചവരെല്ലാം യുദ്ധത്തിന്റെ ആഘാതം അറിഞ്ഞ മാസങ്ങളായിരുന്നു കടന്നു പോയത്. ചായ മുതൽ വിമാന ടിക്കറ്റിനു വരെ വിലകൂടി. ലോക എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്നും കൈകാര്യം ചെയ്തിരുന്ന ഹോർമുസ് പാത ഏതാണ്ടു പൂർണമായും അടഞ്ഞു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ പെട്രോളിനും പാചക വാതകത്തിനും വില കൂടി; നിയന്ത്രണങ്ങൾ വന്നു. 90 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ എണ്ണകമ്പനികളെല്ലാം നഷ്ടത്തിലേക്കു കൂപ്പുകുത്തി. എന്നാൽ യുദ്ധത്തിനിടയിലും യുഎസിലെ ചില എണ്ണക്കമ്പനികളുടെ സാമ്പത്തിക നേട്ടം റെക്കോർഡിലെത്തിയതായി കണക്ക്. അമേരിക്കയിലെ പ്രമുഖ രണ്ട് എണ്ണക്കമ്പനികളായ എക്സോൺമൊബിലും ഷെവ്‍റോണും രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ) നേടിയത് ഏതാണ്ട് 2650 കോടി ഡോളറിന്റെ ലാഭം. ഏകദേശം 2.5 ലക്ഷം കോടി ഇന്ത്യൻ രൂപ. രാജ്യാന്തരതലത്തിലുണ്ടായ എണ്ണ പ്രതിസന്ധി മുതലെടുത്ത് ഉൽപാദനം കൂട്ടി വിപണിയിൽ കൂടുതൽ എണ്ണ എത്തിച്ചതോടെയാണിത്. മൂന്നു മാസങ്ങൾക്കിടെ ഷെവ്‍റോൺ നേടിയത് 1220 കോടി ഡോളർ ലാഭം. ഒരു വർഷം മുൻപുള്ളതിനേക്കാൾ അഞ്ച് മടങ്ങ്. വരുമാനം 56% വർധിച്ച് 7006 കോടി ഡോളറിലെത്തിയെന്നും കണക്ക്. എക്സോൺ ആകട്ടെ 1453 കോടി ഡോളറിന്റെ ലാഭമാണ് കാണിച്ചിരിക്കുന്നത്. ഡീസൽ ഉൽപാദം വർധിപ്പിച്ചതാണ് കമ്പനിയുടെ ലാഭം കൂടാൻ കാരണമത്രേ. വരുമാനം 42% വർധിച്ച് 11,602 കോടി ഡോളറിലുമെത്തി. ഇറാൻ യുദ്ധത്തിനു പിന്നാലെ യുഎസ് എണ്ണക്കമ്പനികൾ ഉൽപാദനം ടോപ് ഗിയറിലാക്കിയിട്ടുണ്ട്. എന്നിട്ടും ലോകത്തെ പല രാജ്യങ്ങൾക്കും ആവശ്യത്തിനുള്ള ക്രൂഡോയിൽ ലഭിച്ചതുമില്ല. ഇറാൻ യുദ്ധത്തിനു മുൻപ് ബാരലിന് 72 ഡോളർ നിലവാരത്തിലായിരുന്നു രാജ്യാന്തര ക്രൂഡോയിൽ വില. ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയതോടെ ഇത് ബാരലിന് 120 ഡോളർ വരെ എത്തി. ലോകം കണ്ട ഏറ്റവും വലിയ എണ്ണപ്രതിസന്ധികളിൽ ഒന്നായിരുന്നെങ്കിലും 2008ലെ സാമ്പത്തിക മാന്ദ്യക്കാലത്ത് രേഖപ്പെടുത്തിയ, ബാരലിന് 148 ഡോളറെന്ന വിലയിൽ എത്തിയില്ല. കരുതൽ ശേഖരത്തിലുണ്ടായിരുന്ന എണ്ണ കൃത്യമായ സമയത്ത് യുഎസ്, യൂറോപ്യൻ കമ്പനികൾ വിപണിയിലെത്തിച്ചതാണ് നിർണായകമായത്. ക്രൂഡോയിൽ ഉൽപാദനത്തിനൊപ്പം എണ്ണശുദ്ധീകരണ ശാലകൾ ഉള്ളതും കമ്പനികളുടെ ലാഭം കൂട്ടി. ആക്രമണങ്ങളിൽ റഷ്യൻ, പശ്ചിമേഷ്യൻ എണ്ണശുദ്ധീകരണ ശാലകൾ പണിമുടക്കിയതും യുഎസ് കമ്പനികൾക്ക് ഗുണമായി.
Fashion ⏭️


