NEWS
വിവാഹേതര ബന്ധങ്ങളിൽ പിറന്നത് 36 കുട്ടികൾ; റെയ്ഡിൽ പിടിയിലായത് ആയിരത്തിലേറെ പേർ, മിന്നൽ നീക്കത്തിന് ഉത്തരവിട്ടത് ഷെയ്ഖ് ഫഹദ്

കുവൈത്ത് സിറ്റി∙ രാജ്യത്ത് നിയമവാഴ്ചയും പൊതുക്രമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലീബ് അൽ ശുയൂഖിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക സുരക്ഷാ റെയ്ഡിൽ പ്രവാസി നിയമലംഘകരും കുറ്റവാളികളുമടക്കം 1,253 പേർ അറസ്റ്റിലായി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിൽ വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികളെയും ഇവരുടെ മാതാക്കൾക്കൊപ്പം സുരക്ഷാസേന കണ്ടെത്തി. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പരിശോധന പൂർത്തിയാക്കിയത്.വിവിധ മന്ത്രാലയങ്ങളുടെയും അതോറിറ്റികളുടെയും സഹകരണത്തോടെയാണ് മിന്നൽ പരിശോധനകൾ അരങ്ങേറിയത്. കുവൈത്ത് നഗരസഭയുടെ നേതൃത്വത്തിൽ 777 നിയമലംഘനങ്ങൾക്കെതിരെ നോട്ടീസ് നൽകുകയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 27 വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. നിയമവിരുദ്ധമായി പ്രവർത്തിച്ച 1,200 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ഫർവാനിയ ഗവർണറേറ്റിലെ വൈദ്യുതി ലോഡിൽ 60 ശതമാനം കുറവുണ്ടായിട്ടുണ്ട്. അതോടൊപ്പം തകർച്ചാഭീഷണിയിലുള്ള 1,432 കെട്ടിടങ്ങൾ പൊതുമരാമത്ത് മന്ത്രാലയം കണ്ടെത്തുകയും അനധികൃത മലിനജല കണക്ഷനുകൾ അടച്ചുപൂട്ടുകയും ചെയ്തു.
Fashion ⏭️


