NEWS
കടുപ്പിച്ച് യുഎഇ; മുട്ടുമടക്കില്ലെന്ന് ഇറാൻ, ഷി വന്നപ്പോൾ ‘ചട്ടം’ ലംഘിച്ച് ട്രംപ്, തകർന്ന് സ്വർണം, ഓഹരി

ഇറാൻ-യുഎസ് ഭിന്നത രൂക്ഷമാകുന്നതിന് പുറമേ യുഎസിൽ നിന്ന് ‘ബോണ്ടാക്രമണവും’ കടുത്തത് ലോക സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത അടിയാകുന്നു. പലിശ കൂടുമെന്ന വിലയിരുത്തലുകളിൽ ഡോളറും ബോണ്ട് യീൽഡും കത്തിക്കയറി. ഓഹരി വിപണികൾ തരിപ്പണമായി. സ്വർണവില കൂപ്പുകുത്തി. ആശങ്കക്കാറ്റ് ഇന്ത്യയിലേക്കും എത്തുകയാണ്. ഇതിനിടെ, സമാധാനക്കരാറിനായി ഇറാൻ യാചിക്കുകയാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന പൊളിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ രംഗത്തുവന്നതും ആശങ്ക കൂട്ടി. നവംബറിൽ യുഎസിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപായി സമാധാനക്കരാർ വന്നേക്കുമെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കരാറിന് തയാറല്ലെങ്കിൽ ഇറാനെ തകർത്ത് തരിപ്പണമാക്കി ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് ട്രംപ് ഭീഷണിയും മുഴക്കിയിരുന്നു. എന്നാൽ, നിയമവിരുദ്ധമായ ആക്രമണങ്ങൾ നടത്തുന്നത് ഇസ്രയേലും യുഎസുമാണെന്നും ഇതുകൊണ്ടൊന്നും ഇറാൻ മുട്ടുമടക്കില്ലെന്നും യുഎൻ പൊതുസഭയിൽ മസൂദ് പെസെഷ്കിയാൻ പറഞ്ഞു. എന്നാൽ, യുദ്ധം തുടരണമെന്ന ആഗ്രഹം ഇറാന് ഇല്ലെന്നും നയതന്ത്ര ചർച്ചകൾക്ക് തയാറാണെന്നും പെസെഷ്കിയാൻ പറഞ്ഞു. ചർച്ചയാകാമെന്ന പെസെഷ്കിയാന്റെ വാക്കുകളും സൗദി അറേബ്യയിൽ നിന്നുൾപ്പെടെ ഗൾഫ് എണ്ണ കയറ്റുമതി സജീവമായതും ക്രൂഡോയിൽ വിലയുടെ ഇടിവിന് വഴിയൊരുക്കി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.03% താഴ്ന്ന് 102 ഡോളറിലെത്തി. അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില 0.85% കുറഞ്ഞ് 91.38 ഡോളറും. ഷി എത്തി; ‘ചട്ടം’ ലംഘിച്ച് ട്രംപും മെലനിയയും, ചർച്ച നിർണായകം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലെ നിർണായക കൂടിക്കാഴ്ചയാണ് ആഗോള സമ്പദ്‍വ്യവസ്ഥ കരുതലോടെ ഉറ്റുനോക്കുന്ന മറ്റൊരു പ്രധാന ഘടകം. റെയർ എർത്ത്, നിർമിത ബുദ്ധി (എഐ), തീരുവപ്പോര്, ഇറാൻ യുദ്ധം തുടങ്ങിയ വിഷയങ്ങൾ ട്രംപും ഷിയും തമ്മിൽ ചർച്ചയാകും. യുഎസും ചൈനയും എതിരാളികളല്ലെന്നും പങ്കാളികളാകണമെന്നും ഷി വ്യക്തമാക്കിയിട്ടുണ്ട്. പ്രോട്ടോക്കോൾ ലംഘിച്ച് ഷിയെ ട്രംപും പത്നി മെലനിയയും വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഷിയ്ക്ക് ഇരുവരും കൈകൊടുത്തതും ശ്രദ്ധേയമായി. സാധാരണ യുഎസിലെത്തുന്ന നേതാക്കളെ പ്രസിഡന്റും പ്രഥമ വനിതയും വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിക്കാറില്ല. ഇറാന് യുഎഇയുടെ ഷോക്ക് ‘ബാങ്ക് മെല്ലി ഇറാൻ’ ബാങ്കിന്റെ യുഎഇയിലെ എല്ലാ ശാഖകൾക്കും ഉപരോധം ഏർപ്പെടുത്തി യുഎഇ കേന്ദ്രബാങ്ക്. പണംതിരിമറി, ഭീകരവാദ ഫണ്ടിങ്, അനധികൃത പണമിടപാടുകൾ എന്നിവ തടയാനുള്ള യുഎഇയുടെ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചതിനാണ് നടപടി. ഇതോടെ യുഎഇയിൽ നിന്ന് ഇറാനിലേക്കും തിരിച്ചും പണമിടപാടുകൾ നടത്താൻ ബാങ്കിന് വിലക്ക് വന്നു. വിപണികളെ തകർത്ത് യുഎസ് ‘ബോണ്ട്’ യുഎസ് സർക്കാരിന്റെ ബോണ്ട് യീൽഡുകൾ ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും ഉയരത്തിലേക്ക് കുതിച്ചുകയറിയത് ആഗോളതലത്തിൽ ഓഹരി, സ്വർണ വിപണികൾക്ക് ആഘാതമായി. ഒരുമാസം മുൻപുവരെ 4.6% നിലവാരത്തിലായിരുന്ന 10-വർഷ ട്രഷറി യീൽഡ് നിലവിൽ 5.130 ശതമാനത്തിലേക്ക് കത്തിക്കയറി. ഇന്നലെ ഒന്നരവർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന മുന്നേറ്റമാണ് നടന്നത്. 2007 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയരവുമാണിത്. 2-വർഷ ട്രഷറി യീൽഡ് 2024 മേയ്ക്ക് ശേഷമുള്ള ഉയരമായ 4.889 ശതമാനത്തിലെത്തി. 30-വർഷ ട്രഷറി യീൽഡ് 2007 ജൂണിന് ശേഷമുള്ള ഉയരമായ 5.398 ശതമാനത്തിലും. പണപ്പെരുപ്പത്തിന് തടയിടാനായി യുഎസിൽ അടിസ്ഥാന പലിശനിരക്ക് ഇനിയും കൂട്ടുമെന്ന വിലയിരുത്തലും യുഎസ് സർക്കാരിന്റെ കുത്തനെ കൂടുന്ന കടം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി കടപ്പത്രങ്ങൾ (ബോണ്ട്) തിരിച്ചുവാങ്ങാനുള്ള (ബോണ്ട് ബൈബാക്ക്) തീരുമാനം ട്രഷറി വകുപ്പ് 200 ബില്യനിൽ നിന്ന് 600 ബില്യനാക്കി കൂട്ടിയതുമാണ് ബോണ്ടുകളെ തീപിടിപ്പിച്ചത്. ബോണ്ടാവേശത്തിൽ യുഎസ് ഡോളർ സൂചിക കത്തിക്കയറിയതും വിപണികളെ ഉലച്ചു. ∙ യുഎസ് ഓഹരി വിപണിയിൽ എസ് ആൻഡ് പി500 സൂചിക 0.75%, നാസ്ഡാക് 1.13%, ഡൗ ജോൺസ് 0.68% എന്നിങ്ങനെ ഇടിഞ്ഞു. ഫ്യൂച്ചേഴ്സ് വിപണികളും തളർന്നു. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 1.33% കയറി. മറ്റു പ്രധാന സൂചികകൾ നഷ്ടത്തിലായി. ∙ യുഎസ് ഡോളർ ഇൻഡക്സ് 101.11ലേക്ക് മുന്നേറി. ഇതോടെ രാജ്യാന്തര സ്വർണവില ഔൺസിന് 4273 ഡോളറിലേക്ക് കൂപ്പുകുത്തി. എന്നാൽ, പിന്നീട് നഷ്ടം നിജപ്പെടുത്തി 4294 ഡോളറിൽ എത്തി. കേരളത്തിൽ ഇന്നു രാവിലെ സ്വർണവിലയിൽ വലിയ കുറവ് പ്രതീക്ഷിക്കാം. യുഎസിൽ പലിശനിരക്ക് കൂട്ടാനുള്ള സാധ്യതകൾ ശക്തമാകുന്നത് സ്വർണത്തിന് തിരിച്ചടിയാകും; വില കൂടുതൽ ഇടിയും. തകർച്ചപ്പേടിയിൽ ഇന്ത്യൻ വിപണിയും വിദേശത്തുനിന്നുള്ള നെഗറ്റീവ് കാറ്റിൽ സെൻസെക്സും നിഫ്റ്റിയും ഇന്ന് ഉലയുമെന്ന സൂചനയാണ് രാവിലെ 170 പോയിന്റോളം ഇടിഞ്ഞ ഗിഫ്റ്റ് നിഫ്റ്റി നൽകുന്നത്. ക്രൂഡോയിൽ വില താഴുന്നത് ആശ്വാസമാണെങ്കിലും മറ്റ് വെല്ലുവിളികൾ ഇന്ത്യൻ വിപണിയെയും സ്വാധീനിക്കും. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഇന്നലെ 1600 കോടിരൂപയുടെ ഇന്ത്യൻ ഓഹരികൾ വാങ്ങിയെന്നതും നേട്ടപ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്നാൽ, രൂപ ഇന്നലെ ഡോളറിനെതിരെ 11 പൈസ താഴ്ന്ന് 95.73ൽ എത്തി. ഡോളർ കരുത്താർജ്ജിക്കുന്നത് രൂപയ്ക്ക് ആഘാതമാണ്. ∙ എൻഎസ്ഇ ലിസ്റ്റിങ്: 22562 കോടി രൂപ ഐപിഒയിലൂടെ സമാഹരിച്ച എൻഎസ്ഇയുടെ ലിസ്റ്റിങ്ങാണ് ഇന്നത്തെ മറ്റൊരു പ്രധാന ഘടകം. 1700-1785 രൂപയായിരുന്നു പ്രൈസ് ബാൻഡ്. ഗ്രേ മാർക്കറ്റിൽ നിലവിൽ 2.4% (43 രൂപ) പ്രീമിയമുണ്ട് (ജിഎംപി). ഇതു കണക്കാക്കിയാൽ 1828 രൂപയ്ക്ക് ലിസ്റ്റിങ് നടന്നേക്കും.
Fashion ⏭️




