NEWS

‘എൽ നിനോ പ്രതിഭാസം മൂലം യുഎഇയിൽ കനത്ത പ്രളയം’? ആ വിഡിയോകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതർ


അബുദാബി∙ ‘എൽ നിനോ’ പ്രതിഭാസം മൂലം യുഎഇയിൽ കനത്ത പ്രളയവും അസാധാരണമായ മഴയുമുണ്ടാകുമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകൾ തള്ളി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം). വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എൻസിഎം വ്യക്തമാക്കി. പസഫിക് സമുദ്ര മേഖലയിൽ പ്രകടമാകുന്ന സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. ഇത് യുഎഇയെ നേരിട്ട് ബാധിക്കില്ലെങ്കിലും പരോക്ഷമായ ചില മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. ആഗോളതലത്തിൽ ചില പ്രദേശങ്ങളിൽ വരൾച്ചയ്ക്കും മറ്റു ചിലയിടങ്ങളിൽ ശരാശരിക്കും മുകളിൽ മഴ ലഭിക്കുന്നതിനും ഇത് കാരണമാകാറുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളോടെ എൽ നിനോ പ്രതിഭാസത്തിന്റെ പ്രഭാവം മേഖലയിൽ പ്രകടമായേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധൻ അഹമ്മദ് ഹബീബ് മുൻപ് വ്യക്തമാക്കിയിരുന്നു. വേനൽക്കാലത്ത് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇതിന്റെ പ്രഭാവം കൂടുതൽ അനുഭവപ്പെട്ടതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.


Fashion ⏭️

Back to top button