NEWS
‘പറയേണ്ടതെല്ലാം വ്യക്തമായി പറഞ്ഞു’: തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള പ്രസംഗത്തിൽ ഉറച്ച് തോമസ് ഐസക്

ആലപ്പുഴ∙ തിരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച കഴിഞ്ഞ ദിവസത്തെ പ്രസംഗം നിഷേധിക്കാതെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. കഴിഞ്ഞദിവസം ആലപ്പുഴയിൽ പള്ളിക്കുന്ന് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് തോമസ് ഐസക് പരാജയ കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞത്. ഇന്നു മാധ്യമങ്ങളെ കണ്ടപ്പോൾ പറയേണ്ട കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞു എന്നാണ് തോമസ് ഐസക് പറഞ്ഞത്. കേന്ദ്ര കമ്മിറ്റി റിവ്യൂവിൽ പറഞ്ഞ കാര്യങ്ങളാണ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്, അത് ഇത്ര വലിയ വാർത്തയാക്കിയതിൽ അദ്ഭുതമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. തിരഞ്ഞെടുപ്പിനുശേഷം പാർട്ടി തയാറാക്കിയ രേഖകളിൽ പറയാത്ത കാര്യമൊന്നും താൻ പറഞ്ഞിട്ടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.പാർട്ടി പരിപാടിയിലെ പ്രസംഗം റെക്കോർഡ് ചെയ്യുന്നവരെ കാണാത്തതുകൊണ്ടാണു താൻ ഇങ്ങനെ പറയുന്നതെന്നാണ് തോമസ് ഐസക് പ്രസംഗിച്ചപ്പോൾ പറഞ്ഞത്. എന്നാൽ ആരോ മൊബൈലിൽ റിക്കോർഡ് ചെയ്ത പ്രസംഗം പുറത്താവുകയായിരുന്നു. സഹകരണ ബാങ്കുകളിലെ അഴിമതി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഇതിനൊപ്പം ബിജെപി–സിപിഎം ഡീലുണ്ടെന്ന എതിരാളികളുടെ പ്രചാരണം ജനം വിശ്വസിച്ചു. നമ്മുടെ ചില വർത്തമാനങ്ങൾ ഈ പ്രചാരണത്തിനു സഹായമായെന്നും ഐസക് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. പാർട്ടിയിൽനിന്ന് ആരെങ്കിലും പോയാൽ സൗകര്യം എന്നാണ് ഇപ്പോൾ കരുതുന്നത്, കാരണം അയാളുടെ ചോദ്യങ്ങൾക്ക് ഇനി മറുപടി വേണ്ടല്ലോ എന്നും ഇന്നലെ ജി. സുധാകരന്റെ നാട്ടിൽ നടന്ന പരിപാടിയിൽ തോമസ് ഐസക് പറഞ്ഞിരുന്നു.
Fashion ⏭️


