NEWS

ഡൽഹി സമരത്തിനെതിരായ മോശം പരാമർശം: ടി ജി മോഹൻദാസ് അറസ്റ്റിൽ, 11മണിക്ക് കോടതിയിൽ ഹാജരാക്കും

ടിജി മോഹൻദാസിനെ കൊച്ചിയിൽ കസ്റ്റഡിയിലെടുത്തപ്പോൾ

കൊച്ചി: ഡൽഹി ജന്തർമന്ദറിൽ കോക്രോച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ സമരംചെയ്‌ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് നിന്നും സൈബർ പൊലീസ് സംഘം കൊച്ചി മട്ടാഞ്ചേരിയിലെത്തി അദ്ദേഹത്തെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. മോഹൻദാസിനെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചു. 11 മണിയോടെ കോടതിയിൽ ഹാജരാക്കും. മോഹൻദാസിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകുമോ എന്നത് വ്യക്തമല്ല.

തിരുവനന്തപുരം സിറ്റി സൈബർ ക്രൈം വിംഗ് പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്‌ച വൈകിട്ട് അഞ്ചോടെ മോഹൻ ദാസിന്റെ മട്ടാഞ്ചേരി ചെറളായിയിലെ വസതിയിലെത്തിയത്. മട്ടാഞ്ചേരി പൊലീസും ഒപ്പമുണ്ടായിരുന്നു. ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ പരിശോധിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഈ സമയം മോഹൻ ദാസിനെ കൂടാതെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കസ്റ്റഡി നടപടിക്രമം രണ്ടര മണിക്കൂർ നീണ്ടു.

കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെത്തിച്ച് ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. പൊലീസ് മോഹൻ ദാസുമായി വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ സംഘപരിവാർ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് ആശങ്ക പരത്തി.

മോഹൻ ദാസിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കും, ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെയും യുവാക്കളെയും വെടിവച്ച് കൊല്ലണമെന്ന പ്രസ്താവനയ്ക്കുമെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ നൽകിയ പരാതിയിലാണ് നടപടി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.കെ. അബ്ദുൾ ജലീൽ, പൊതുപ്രവർത്തകൻ ഹാരിസ് അബു തുടങ്ങിയവർ മട്ടാഞ്ചേരി പൊലീസിലും പരാതി നൽകിയിരുന്നു.

Read News ⏭️

Back to top button