NEWS
കേരളത്തിലേക്ക് ഉൾപ്പെടെ തമിഴ്നാടിന്റെ കയറ്റുമതി നിരോധനം; വിലക്ക് മൂന്നു മാസത്തേക്ക്: പ്രതിസന്ധി കനക്കുന്നു

മറയൂർ ∙ തമിഴ്നാട്ടിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് റഫ് സ്റ്റോൺ, മെറ്റൽ, എം-സാൻഡ്, ബി-സാൻഡ് തുടങ്ങിയ നിർമാണ സാമഗ്രികൾ മൂന്ന് മാസത്തേക്ക് കയറ്റുമതി ചെയ്യുന്നത് താൽക്കാലികമായി നിരോധിച്ചതോടെ ഇടുക്കി ജില്ലയിലെ അതിർത്തി പ്രദേശങ്ങളായ മറയൂർ, കാന്തല്ലൂർ, മൂന്നാർ, അടിമാലി നെടുങ്കണ്ടം കുമളി തുടങ്ങിയ മേഖലകളിലെ നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്.ഈ മേഖലകളിലെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, റിസോർട്ടുകൾ, സർക്കാർ പദ്ധതികൾ എന്നിവയിൽ ഉപയോഗിക്കുന്ന നിർമാണ സാമഗ്രികളുടെ വലിയൊരു പങ്കും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ മെറ്റൽ, എം-സാൻഡ്, ബി-സാൻഡ് എന്നിവയുടെ ലഭ്യത കുറയുകയും വില വർധിക്കുമെന്ന ആശങ്ക ഉയർന്നിരിക്കുകയുമാണ്. നിർമാണ സാമഗ്രികളുടെ ക്ഷാമം മൂലം നിരവധി കെട്ടിട നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നു കരാറുകാർ പറയുന്നു. നിലവിൽ ഓർഡർ നൽകിയ സാമഗ്രികൾ പോലും അതിർത്തി കടന്ന് എത്താൻ കഴിയാത്ത അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടുന്നു.
Fashion ⏭️


