NEWS

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; പ്രതിഷേധവുമായി കേരളം: അടിയന്തര യോഗം


തിരുവനന്തപുരം∙ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം രംഗത്തെത്തി. വിഷയത്തില്‍ തമിഴ്‌നാടിനെ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുമെന്നും ആവശ്യമായാല്‍ കോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടികള്‍ പരിഗണിക്കുമെന്നും ജലവിഭവമന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി. ഒരു സാഹചര്യത്തിലും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു. ഡാമിന്റെ സുരക്ഷയാണ് കേരളത്തിന്റെ പ്രധാന ആശങ്കയെന്നും 142 അടി എന്ന നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള കരാറുകളും ട്രൈബ്യൂണല്‍ വിധികളും കോടതി നിര്‍ദേശങ്ങളും അനുസരിച്ച് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് തമിഴ്‌നാട് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ കേരളത്തിന്റെ വിയോജിപ്പ് തമിഴ്നാടിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.ജലവിഭവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉന്നതലയോഗം മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ സർക്കാർ അടിയന്തരമായി വിളിച്ചു ചേർത്തു നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി മോൻസ് ജോസഫ് കൂടിക്കാഴ്ച നടത്തി. സർക്കാർ നിലപാട് ചർച്ച ചെയ്തു.


Fashion ⏭️

Back to top button