NEWS

നാളെ അഞ്ച് ജില്ലകൾക്ക് അവധി;  അങ്കണവാടികൾ  മുതൽ  പ്രൊഫഷണൽ  കോളേജുകൾക്കുവരെ   ബാധകം

കനത്ത മഴയിൽ തൊടുപുഴ കാരിക്കോട് ഹൗസിങ് കോളനിയിലെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് പമ്പ് ഉപയോഗിച്ച് കിണറിലെ മലിനജലം വറ്റിക്കുന്നു (ഫോട്ടോ: വിഷ്‌ണു സാബു)

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. താലൂക്ക് അടിസ്ഥാനത്തിലാണ് അവധി നൽകിയിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോഴിക്കോട് ജില്ലകൾക്കാണ് അവധി നൽകിയിട്ടുള്ളത്. അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾക്കുവരെ അവധി ബാധകമാണ്.

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പ് അവസാനിക്കുന്നതുവരെയാണ് ജില്ലാ കളക്‌ടർ അവധി നൽകിയിരിക്കുന്നത്. വയനാട് ജില്ലയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധിയാണ്.

ആലപ്പുഴയിൽ കുട്ടനാട്, ചെങ്ങന്നൂർ, കാ‌ർത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി നൽകിയിട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. മാവേലിക്കര, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സാഹചര്യം പരിശോധിച്ച് അവധി നൽകുന്നതിൽ തീരുമാനമെടുക്കാൻ ഡിഡിഇയെ കളക്ടർ ചുമതലപ്പെടുത്തി.

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്ക്, മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾ എന്നിവിടങ്ങളിലാണ് അവധിയുള്ളത്. പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിനും അവധി നൽകിയിട്ടുണ്ട്.

അതേസമയം, കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് ഏഴുവരെ വിവിധ ജില്ലകൾക്ക് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.

ഓറഞ്ച് അലർട്ട്

05/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്

06/08/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട്

07/08/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

Read News ⏭️

Back to top button