ഭൂമി തരംമാറ്റൽ ഫീസ്: നിലത്തിന്റെ ന്യായവില നോക്കി നിശ്ചയിച്ചേക്കും

തിരുവനന്തപുരം: ഭൂമിതരംമാറ്റം ചെയ്യുമ്പോൾ നിലത്തിന്റെ ന്യായവില അടിസ്ഥാനമാക്കി ഫീസ് നിശ്ചയിക്കുന്ന വിധത്തിൽ നിയമഭേദഗതി വന്നേക്കും.നിലവിൽ പരിവർത്തനം ചെയ്യുന്ന ഭൂമിയോട് ചേർന്നുള്ള പുരയിടത്തിന്റെ ന്യായവില അടിസ്ഥാനമാക്കിയാണ് തരംമാറ്റുന്നതിന് ഫീസും സ്ളാബും നിശ്ചയിക്കുന്നത്.ഇതുകാരണം വലിയ തുക നൽകേണ്ടിവരുന്നാതായി വ്യാപകമായി പരാതി ഉയർന്നിരുന്നു.
2008-ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ സമഗ്ര മാറ്റം വരുത്താനുള്ള പരിശോധനകൾ റവന്യൂവകുപ്പ് തുടങ്ങി. തരംമാറ്റത്തിന്റെ ഫീസ് കുറയാനാണ് സാദ്ധ്യത. പുരയിടത്തിന്റെ ന്യായവില കണക്കാക്കി തരം മാറ്റത്തിനുള്ള ഫീസ് നിശ്ചയിക്കുന്നതിൽ കാലതാമസം വരുന്നതായുള്ള ഉദ്യോഗസ്ഥരുടെ ആക്ഷേപത്തിനും പരിഹാരമാവും. തരംമാറ്റത്തിലെ കാലതാമസം ഒഴിവാക്കുകയാണ് നിയമ ഭേദഗതിയുടെ പ്രധാന ഉദ്ദേശ്യം.
ഭൂമി തരംമാറ്റത്തിന് അപേക്ഷിച്ചാൽ രണ്ട് വർഷം വരെ കാലതാമസം നേരിടുന്നുണ്ട്. പരമാവധി ആറുമാസത്തിനുള്ളിൽ അപേക്ഷ തീർപ്പാക്കാൻ കഴിയുംവിധം നിയമത്തിലും ചട്ടത്തിലും ഭേദഗതി കൊണ്ടുവരും.
നിലം, തണ്ണീർത്തടം എന്നീ വാക്കുകളുടെ നിർവചനം മാറ്റുന്നതും പരിഗണനയിലുണ്ട്. ഇപ്പോൾ ഏതു ഭൂമിയും നിലമായോ തണ്ണീർത്തടമായോ വ്യാഖ്യാനിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുമെന്ന അവസ്ഥയാണ് . കേന്ദ്രസർക്കാർ നടപ്പാക്കിയ 2017-ലെ തണ്ണീർത്തടങ്ങൾ (സംരക്ഷണവും പരിപാലനവും ) ചട്ടങ്ങളിലെ നിർവചനങ്ങൾ കൂടി പരിഗണിച്ചാവും മാറ്റം വരുത്തുക.
വീട് വയ്ക്കുന്ന ആവശ്യത്തിന് തരംമാറ്റ അപേക്ഷ സമർപ്പിക്കുമ്പോൾ രേഖകളിൽ മാറ്റം വരുത്താൻ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല എന്ന് വ്യവസ്ഥയും കൊണ്ടുവന്നേക്കും.
ജലസംരക്ഷണത്തിന് ഫണ്ട്
ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി ഫണ്ട് രൂപീകരിക്കാനും തരംമാറ്റം നടത്തുമ്പോൾ നിശ്ചിത ഫീസ് ഈ ഫണ്ടിലേക്ക് നൽകാൻ നിർദ്ദേശിക്കുന്ന തരത്തിൽ ഭേദഗതി കൊണ്ടുവരുന്നതും പരിഗണിക്കും.
50 സെന്റിൽ കൂടുതൽ ഭൂമി തരംമാറ്റുമ്പോൾ 10 ശതമാനം ഭൂമി ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് നീക്കിവയ്ക്കേണ്ടതാണ്. ഈ ഭൂമി ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നുറപ്പാക്കാൻ നിയമത്തിലോ ചട്ടത്തിലോ ഇപ്പോൾ വ്യവസ്ഥയില്ല. അതിനാൽ ഇങ്ങനെ ഭൂമി നീക്കിവയ്ക്കുന്നത് ഒഴിവാക്കി ജലസംരക്ഷണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം.
തരംമാറ്റൽ ഫീസ്
സൗജന്യം:
25 സെന്റ് വരെ
……
ന്യായവിലയുടെ 10%:
25 സെന്റ് മുതൽ ഒരേക്കർ വരെ
ന്യായവിലയുടെ 20%:
ഒരേക്കറിന് മുകളിൽ
തരം തിരിക്കൽ
1.നിലം: വർഷത്തിൽ ഒരിക്കലെങ്കിലും നെല്ല് കൃഷി ചെയ്യുന്നതോ അല്ലെങ്കിൽ നെൽകൃഷിക്ക് അനുയോജ്യമായിരിക്കുകയും എന്നാൽ തരിശായി കിടക്കുന്നതുമായ ഭൂമി. വരമ്പുകൾ, നീർച്ചാലുകൾ, കുളങ്ങൾ,തോടുകൾ തുടങ്ങി അനുബന്ധ നിർമിതികളും ഇതിൽപ്പെടും.
2.തണ്ണീർത്തടം: കരപ്രദേശങ്ങൾക്കും ജലാശയങ്ങൾക്കും ഇടയിൽ സ്ഥിതിചെയ്യുന്നതും സാധാരണയായി ജലനിരപ്പ് ഉപരിതലത്തിലോ അതിനോടടുത്ത് വരുന്നതോ അല്ലെങ്കിൽ ആഴംകുറഞ്ഞ് വെള്ളത്താൽ മൂടപ്പെട്ടു കിടക്കുന്നതോ ആയ ഭൂമി.


