NEWS

പാക്കിസ്ഥാന് ബദലായി ചൈനീസ് വ്യോമപാത; യാത്രാസമയവും ഇന്ധനച്ചെലവും കുറയ്ക്കാൻ ഇന്ത്യയുടെ നിർണായക നീക്കം


ന്യൂഡൽഹി ∙ പാക്കിസ്ഥാൻ വ്യോമപാത തുടർച്ചയായി അടച്ചിട്ടിരിക്കുന്നത് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ, ചൈനയിലെ ഷിൻജിയാങ്ങിനു മുകളിലൂടെയുള്ള ബദൽ വ്യോമപാത ഇന്ത്യ പരിശോധിക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. 2025 ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് പാക്കിസ്ഥാൻ തങ്ങളുടെ വ്യോമപാത അടച്ചത്. ഇതിനെത്തുടർന്ന് യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ വിമാനങ്ങൾ അറേബ്യൻ കടലിനു മുകളിലൂടെ മസ്കത്തിലേക്ക് തിരിഞ്ഞുപോകാൻ നിർബന്ധിതരാവുകയായിരുന്നു. ഈ വഴിമാറ്റം യാത്രാസമയത്തിൽ 45 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ വർധനവുണ്ടാക്കുകയും വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവും ഇന്ധന ഉപഭോഗവും വൻതോതിൽ വർധിപ്പിക്കുകയും ചെയ്തിരുന്നു.ഷിൻജിയാങ്ങിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഹോട്ടൻ വഴിയുള്ള പുതിയ വ്യോമപാത യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് റാം മോഹൻ നായിഡു പറഞ്ഞു. ‘‘ഞങ്ങൾ മറ്റ് ബദൽ മാർഗങ്ങൾ തേടുകയാണ്. ഹോട്ടൻ റൂട്ടുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. നമ്മുടെ വിദേശകാര്യ മന്ത്രാലയം ചൈനയുമായി ആശയവിനിമയം നടത്തുന്നുണ്ട്. ചർച്ചകൾ ഏത് രീതിയിൽ മുന്നോട്ടു പോകുമെന്ന് നോക്കാം’’ – മന്ത്രി പറഞ്ഞു.പാക്ക് വ്യോമപാത അടച്ചതിനെത്തുടർന്ന് എയർ ഇന്ത്യയ്ക്ക് മാത്രം 4,000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി മുൻ എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൻ 2025ൽ വിലയിരുത്തിയിരുന്നു. പുതിയ റൂട്ട് എപ്പോൾ തുറക്കുമെന്നതിനെക്കുറിച്ചോ ചൈനയുമായി എപ്പോൾ അന്തിമ തീരുമാനത്തിലെത്തും എന്നതിനെ കുറിച്ചോ ഉള്ള കൃത്യമായ സമയവിവരം വ്യോമയാന മന്ത്രി വ്യക്തമാക്കിയിട്ടില്ല.


Fashion ⏭️

Back to top button