NEWS

വിഡിയോ കോളിൽ വിവാഹം, നേരിൽ കണ്ടതോടെ വിവാഹമോചനം; എഐ പ്രണയക്കെണിയിൽ വീണെന്ന് മുൻ പാക്ക് മന്ത്രി; കോടതിയെ സമീപിച്ചു


കറാച്ചി ∙ സമൂഹമാധ്യമത്തിലൂടെ പ്രണയിച്ച്, വിഡിയോ കോളിലൂടെ വിവാഹിതനായ ശേഷം വിവാഹമോചിതനായ പാക്കിസ്ഥാൻ മുൻ മന്ത്രി, മുൻഭാര്യയ്‌ക്കെതിരെ ഹർജിയുമായി കോടതിയിൽ. സിന്ധ് പ്രവിശ്യയിലെ മുൻ മന്ത്രി ഗുലാം റസൂൽ ഉന്നാറാണ് തന്റെ മുൻഭാര്യ റസിയ അർബാബിനെതിരെ ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയൽ നിയമം (PECA) അനുസരിച്ച് എഫ്‌ഐ‌ആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കറാച്ചിയിലെ സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.തന്റേതെന്നു കാട്ടി എഐ ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളിലൂടെ റസിയ അർബാബ്, ഗുലാം റസൂൽ ഉന്നാറിനെ ഈ ബന്ധത്തിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ വിഡിയോ കോളിലൂടെ ഇരുവരും വിവാഹിതരാകുകയായിരുന്നു. വിവാഹത്തിനുശേഷം ഭാര്യയെ കാണാൻ ചെന്നപ്പോഴാണ്, ചിത്രത്തിൽ കണ്ട വ്യക്തിയല്ല യഥാർഥ ആളെന്ന് മനസിലാക്കിയതെന്നും വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയതോടെ, തന്റെ കക്ഷി ഉടൻതന്നെ വിവാഹമോചനം നടത്തുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. ഗുലാം റസൂൽ ഉന്നാറിനെ തെറ്റിദ്ധരിപ്പിക്കാനാണ് എഐ ഉപയോഗിച്ച് ചിത്രങ്ങളിൽ മാറ്റം വരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Fashion ⏭️

Back to top button