NEWS

കെ.എം. ബഷീറിന്റെ മരണം : ശ്രീറാമിന്റെ രക്തം പുരണ്ട വസ്ത്രം ക്വാർട്ടേഴ്‌സിലേക്ക് മാറ്റി

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊന്ന കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്വാർട്ടേഴ്സിലേക്ക് മാറ്റി. സാക്ഷികളാണ് കോടതിയിൽ നിർണായക മൊഴി നൽകിയത്.

വിചാരണക്കോടതിയിൽ പത്തും പതിനൊന്നും സാക്ഷികളായി വിസ്തരിച്ച കേശവദാസപുരം പാറോട്ടുകോണം പി ആൻഡ് ടി ഹൗസിംഗ് കോളനിയിൽ ഡോ. അനീഷ് രാജും കുടപ്പനക്കുന്ന് സ്വദേശിയായ ഐ.എ.എസ് ട്രെയിനി അതുലുമാണ് മൊഴി നൽകിയത്.

അപകടസമയത്ത് താൻ വന്നിരുന്നെന്നും ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ കവടിയാറിലെ സിവിൽ സർവീസ് ക്വാർട്ടേഴ്സിലേക്ക് മാറ്റിയെന്നും

ഡോ. അനീഷ് രാജ് തിരുവനന്തപുരം നാലാം അഡിഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകി. തുടർന്ന് പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷമാണ് ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെന്നും ഡോ. അനീഷ് രാജ് പറഞ്ഞു.

കവടിയാറിലെ ക്വാർട്ടേഴ്സിൽ വച്ചിരുന്ന രക്തം പുരണ്ട ഷർട്ടും നീല ജീൻസും 2019 ആഗസ്റ്റ് നാലിന് പൊലീസിനെ ഏൽപ്പിച്ചത് താനാണെന്നാണ് അതുലിന്റെ മൊഴി. എന്നാൽ അന്ന് പൊലീസിന് നൽകിയ അതേ വസ്ത്രങ്ങൾ തന്നെയാണോ ഇപ്പോൾ കോടതിയിൽ കാണിച്ചതെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് ‘വ്യക്തമായി ഓർമ്മയില്ല’ എന്നാണ് ഇരുവരും മറുപടി നൽകിയത്. കേസിന്റെ വിചാരണ ഇന്നും തുടരും.

Read News ⏭️

Back to top button