NEWS

മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി


തിരുവനന്തപുരം ∙ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്നു പറഞ്ഞു നടത്തിയതു കോടികളുടെ തട്ടിപ്പും ചട്ടലംഘനവുമെന്നു കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) ഒന്നരക്കോടി യുഎസ് ഡോളർ (അന്നത്തെ മൂല്യം 126 കോടി രൂപ) നൽകിയെന്ന് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെടുമ്പോൾ, പണം അയച്ചതിന്റെയോ ടീം കൈപ്പറ്റിയതിന്റെയോ ഒരു രേഖയുമില്ല. എന്തിന്, എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിൽ കരാർ ഒപ്പുവച്ചതിന്റെയോ സ്പോൺസറും സർക്കാരും തമ്മിൽ കരാറുള്ളതിന്റെയോ പോലും രേഖകൾ ഇല്ല.വിദേശനാണ്യ വിനിമയചട്ട ലംഘനം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ വിജിലൻസ്, കേന്ദ്ര ഏജൻസി അന്വേഷണങ്ങൾ കൂടി ശുപാർശ ചെയ്യുന്ന റിപ്പോർട്ടാണ് കായികവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് മന്ത്രി ഒ.ജെ.ജനീഷിനു നൽകിയത്. ഇതു തുടർനടപടികൾക്കായി മുഖ്യമന്ത്രിക്കു കൈമാറി. വിദേശത്തേക്കു പണം അയയ്ക്കാൻ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രാനുമതി നേടിയെടുത്ത സ്പോൺസർ പിന്നീട് പണം കൈമാറിയതിന്റെ രേഖകളൊന്നും സർക്കാരിനു സമർപ്പിച്ചിട്ടില്ല. അർജന്റീന ടീമിന്റെ സന്ദർശനം നീണ്ടതോടെ കരാർ ലംഘനത്തിന് സ്പോൺസർക്ക് എൽഡിഎഫ് സർക്കാർ 2 തവണ നോട്ടിസ് അയച്ചിരുന്നു.


Fashion ⏭️

Back to top button