NEWS
ശബരിമല വികസന അതോറിറ്റി രൂപീകരണം: ആദ്യ യോഗം സെപ്റ്റംബര്‍ 11 ന്

തിരുവനന്തപുരം∙ ശബരിമല വികസന അതോറിറ്റി രൂപീകരണവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ക്കായി ആദ്യ യോഗം സെപ്റ്റംബര്‍ 11 ന് നടക്കും. ദേവസ്വം മന്ത്രി കെ.മുരളീധരന്റെ ചേംബറില്‍ നടക്കുന്ന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. വികസന അതോറിറ്റി യാഥാർഥ്യമാകുന്നതോടെ ശബരിമലയില്‍ സര്‍ക്കാരിനു സമ്പൂര്‍ണ നിയന്ത്രണം കൈവരികയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങള്‍ പരിമിതമാകുകയും ചെയ്യും.ദേവസ്വം മന്ത്രിയും ബോര്‍ഡും തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായഭിന്നത നിലനില്‍ക്കുന്ന ഘട്ടത്തിലാണ് വികസന അതോറിറ്റി രൂപീകരണത്തിനുള്ള യോഗം വിളിച്ചിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനും തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി കഴിഞ്ഞ സര്‍ക്കാരാണ് വികസന അതോറിറ്റി എന്ന ആശയം മുന്നോട്ടുവച്ചത്. മുഖ്യമന്ത്രി ചെയര്‍മാനും ദേവസ്വം മന്ത്രി വൈസ് ചെയര്‍മാനും ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായുമാണ് അതോറിറ്റി രൂപീകരിക്കുക.
Fashion ⏭️


