സുഗതന് 6 മാസം അവധി തിരു. നഗരസഭയിൽ ബി.ജെ.പിക്ക് ആശ്വാസം

തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിൽ യോഗം ആറ് മാസത്തേക്ക് അവധി അനുവദിച്ചതോടെ കാപ്പാ കേസിൽ കരുതൽ തടങ്കലിൽ കഴിയുന്ന ബി.ജെ.പി വാഴോട്ടുകോണം കൗൺസിലർ സുഗതന്റെ അയോഗ്യത ഭീഷണി നീങ്ങി. ആറ് മാസത്തേക്ക് കൗൺസിൽ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാം. ഭരണ പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്കയും നീങ്ങി.
രണ്ടാമത്തെ സ്വതന്ത്ര അംഗമായ പൗണ്ട്‌കടവ് വാർഡ് കൗൺസിലർ സുധീഷ് ഒപ്പം നിന്നതോടെ 51 അംഗങ്ങളുടെ പിന്തുണയോടെ സുഗതന്റെ അവധി അപേക്ഷ പാസാക്കാൻ ഭരണസമിതിക്ക് കഴിഞ്ഞു. മറ്റൊരു സ്വതന്ത്ര അംഗമായ കെ. രാധാകൃഷ്ണൻ നേരത്തെ ബി.ജെ.പിക്ക് ഒപ്പമാണ്.
സി.പി.എം കൗൺസിലറും പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ കെ.ശ്രീകുമാർ കൗൺസിൽ യോഗത്തിൽ നിന്നു വിട്ടുനിന്നത് ഇടതുപക്ഷത്തെ ഞെട്ടിച്ചു. ശ്രീകുമാർ വിട്ടുനിന്നതിനാൽ സ്വതന്ത്ര അംഗം സുധീഷ് പിന്തുണച്ചില്ലെങ്കിലും സുഗതന്റെ അവധി അപേക്ഷ പാസാകുമായിരുന്നു. മുൻ മേയർ കൂടിയാണ് ശ്രീകുമാർ.
പിടിവള്ളി ആഭ്യന്തര
വകുപ്പിന്റെ കത്ത്
അയോഗ്യത ഒഴിവാക്കാനുളള മാർഗം നിർദേശിച്ച് ആഭ്യന്തര വകുപ്പ് സുഗതന് നൽകിയ കത്ത് ആയുധമാക്കിയാണ് അവധി അപേക്ഷ മേയർ വി.വി.രാജേഷ് കൗൺസിലിൽ വച്ചത്. ജയിൽ സൂപ്രണ്ട് വഴി അവധി അപേക്ഷ നൽകാമെന്നും അത് വോട്ടിനിട്ട് അംഗീകരിച്ചാൽ കൗൺസിലർ സ്ഥാനം സുരക്ഷിതമാക്കാമെന്നും ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി അണ്ടർ സെക്രട്ടറി നമിത നൽകിയ കത്തിൽ പറയുന്നു.
കത്തിൽ അന്വേഷണം
വിഷയം കോൺഗ്രസിന് ക്ഷീണമായതോടെ കത്ത് നൽകിയ സാഹചര്യം അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. ആഭ്യന്തര സെക്രട്ടറിയേയോ മന്ത്രിയേയോ അറിയിക്കാതെ മറുപടി നൽകിയതിലാണ് അന്വേഷണം. ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി മിഹാജ് അലമാണ് അന്വേഷണം നടത്തുക.


