NEWS

ഇപിഎഫ് ശമ്പളപരിധി: ജീവനക്കാർക്ക് നേട്ടം; പക്ഷേ ശമ്പളം കുറയുമോ? പ്രധാന സംശയങ്ങളും ഉത്തരങ്ങളും


Q ശമ്പളപരിധി 25,000 രൂപയെന്നു പറയുമ്പോൾ ശമ്പളത്തിലെ ഏതൊക്കെ ഘടകങ്ങളാണ് പരിഗണിക്കുക? A ബേസിക് പേ, ഡിഎ, റീട്ടെയ്നിങ് അലവൻസ് (ഉണ്ടെങ്കിൽ) എന്നിവ. എച്ച്ആർഎ ഉൾപ്പെടെയുള്ള മറ്റ് അലവൻസുകൾ പരിഗണിക്കില്ല. Q നിലവിൽ സർവീസിലുളളവർക്ക് മെച്ചമുണ്ടോ? A 15,000 രൂപയ്ക്കും 25000 രൂപയ്ക്കും ഇടയിൽ ശമ്പളമുള്ള പിഎഫ് അംഗത്വമില്ലാത്ത ജീവനക്കാർക്കു പുതുതായി അംഗത്വം ലഭിക്കും. ഒരു തവണ അംഗത്വം ലഭിച്ചുകഴിഞ്ഞാൽ ശമ്പളം 25,000ത്തിനു മുകളിൽ പോയാലും പദ്ധതിയിൽനിന്നു പുറത്താകില്ല. നിലവിൽ അംഗത്വമുള്ളവരാണെങ്കിൽ അവരുടെ പിഎഫ് വിഹിതം 15000 രൂപയുടെ 12% എന്നത് 25000ത്തിന്റെ 12 ശതമാനമായി ഉയരും. Q ജീവനക്കാരുടെ കയ്യിൽ കിട്ടുന്ന ശമ്പളത്തെ (Take-Home Salary) എങ്ങനെ ബാധിക്കും? A കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ നേരിയ കുറവുണ്ടാകും. ശമ്പളത്തിൽ നിന്ന് പിഎഫിലേക്കു പിടിക്കുന്ന 12% വിഹിതം, വർധിച്ച ശമ്പളപരിധിക്ക് ആനുപാതികമായി കണക്കാക്കുന്നതാണ് കാരണം. എന്നാൽ ഈ തുക നഷ്ടപ്പെടുകയല്ല, പിന്നീട് പിൻവലിക്കാവുന്ന സ്വന്തം പിഎഫ് അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കപ്പെടുന്നത്. സമാനമായ അധിക തുക തൊഴിലുടമയും നിക്ഷേപിക്കും എന്നതിനാൽ ജീവനക്കാരന് ഇതു വലിയ നേട്ടമായി മാറും. Q പിഎഫ് പെൻഷൻ കണക്കാക്കുന്നതിൽ എന്തു മാറ്റമാണുണ്ടാകുക? A നിലവിൽ പ്രോറേറ്റ (ആനുപാതിക) അടിസ്ഥാനത്തിലാണ് പെൻഷൻ കണക്കാക്കുന്നത്. 2014 സെപ്റ്റംബറിനു മുൻപുള്ള സർവീസിന്റെ പെൻഷന് പരമാവധി 6500 രൂപ ശമ്പളവും അതിനു ശേഷമുള്ള സർവീസിന്റെ പെൻഷന് പരമാവധി 15,000 രൂപയുമാണ് പരിധി നിശ്ചയിച്ചിരുന്നത്. ഇനി 2026 സെപ്റ്റംബർ 17 മുതലുള്ള സർവീസിന്റെ പെൻഷൻ പരമാവധി 25,000 രൂപ പരിധിയിൽ കണക്കാക്കും. ഉയർന്ന പെൻഷൻ പദ്ധതിയിലുള്ളവരുടെ പെൻഷൻ കണക്കാക്കുന്നതിലും ഈ തീയതി മുതൽ പുതിയ വിഭജനം വരുമോ എന്ന് വ്യക്തമായിട്ടില്ല. Q പിഎഫ് ഇൻഷുറൻസ് ആനുകൂല്യത്തിൽ മാറ്റം വരുമോ? A സർവീസിലിരിക്കെ ജീവനക്കാരൻ മരിച്ചാൽ കുടുംബത്തിനു ലഭിക്കുന്ന ഇൻഷുറൻസ് തുകയിലും (EDLI) വർധനയുണ്ടാകും. നിലവിൽ പരമാവധി 7 ലക്ഷം രൂപയായ ഇൻഷുറൻസ് തുക 10.5 ലക്ഷമായി ഉയരേണ്ടതാണ്. ഇതിനു സർക്കാർ വിജ്ഞാപനം വരേണ്ടതുണ്ട്.


Fashion ⏭️

Back to top button