NEWS

കള്ളം പൊളിയുമെന്ന് ഭയം; കോട്ടയം മെഡിക്കൽ കോളജിലെത്തിയ യുവതി മുങ്ങി, പൊലീസ് കണ്ടെത്തിയത് എറണാകുളത്തു നിന്ന്


കോട്ടയം ∙ ബന്ധുക്കളോടൊപ്പം മെഡിക്കൽ കോളജ് ഹോസ്റ്റലിലെത്തി മുങ്ങിയ യുവതിയെ എറണാകുളത്തു നിന്ന് കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് അഡ്മിഷൻ ലഭിച്ചതായും അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയതിനാൽ ഹോസ്റ്റലിലെത്തി ജോയിൻ ചെയ്യണമെന്നും എറണാകുളം മേത്തല സ്വദേശിയായ 21 വയസ്സുള്ള യുവതി വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് ബുധനാഴ്ച ബന്ധുക്കൾക്കൊപ്പം യുവതി മെഡിക്കൽ കോളജിലെത്തിയത്.മാതാപിതാക്കളെ പുറത്തുനിർത്തി യുവതി ഹോസ്റ്റലിനുള്ളിലേക്ക് കയറി. പിന്നീട് യുവതിയെ കാണാതാവുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെയാണ് പെൺകുട്ടിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചത്. തുടർന്ന് മാതാവ് റസീന ബീവി നൽകിയ പരാതിയിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ഇന്നലെ യുവതി എറണാകുളത്തു എടിഎമ്മിൽ കയറിയതായി പൊലീസ് മനസ്സിലാക്കിയിരുന്നു. തുടർന്ന് പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചാണ് യുവതിയെ കണ്ടെത്തിയത്. അതേസമയം യുവതിക്ക് മെഡിക്കൽ കോളജിൽ അഡ്മിഷൻ ലഭിച്ചിരുന്നില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കിയിരുന്നു.


Fashion ⏭️

Back to top button