NEWS

സർക്കാരിന്റെ മുൻഗണന പമ്പ്ഡ് സ്‌റ്റോറേജ്, സോളാർ പദ്ധതികൾക്ക് : മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതിയ്ക്കായി സർക്കാർ മുൻഗണന നൽകുന്നത് ഡാമുകളിലെ പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികൾക്കും രാത്രി കാലങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന സോളാർ സ്റ്റോറേജ് പദ്ധതികൾക്കുമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കേരളത്തിന്റെ ഭാവി ലക്ഷ്യമിട്ട് വല്ലത്ത് എജ്യുക്കേഷൻ സൊസൈറ്റിയും കൗമുദി ടി.വിയും ചേർന്ന് സംഘടിപ്പിച്ച ‘കേരള നെക്സ്റ്റ്, എ ന്യൂ വിഷൻ ഫോർ ഗ്രോത്ത്’ കോൺക്ലേവ് ഹോട്ടൽ ലെമൺ ട്രീയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന വെള്ളം പമ്പു ചെയ്ത് തിരികെ ഡാമിൽ എത്തിച്ച് വീണ്ടും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതി തുടങ്ങാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പകൽ സമയത്ത് കെ.എസ്.ഇ.ബിയുടെ ഗ്രിഡിന് താങ്ങാൻ കഴിയാത്ത തരത്തിൽ സോളാർ വൈദ്യുതി ലഭിക്കുന്നുണ്ട്. പകൽ സമയത്ത് യൂണിറ്റിന് 10 പൈസ നിരക്കിലുള്ള വൈദ്യുതി രാത്രിയിൽ 10 രൂപയ്ക്ക് വാങ്ങേണ്ടി വരികയാണ്. സൗരോർജ്ജം സംഭരിച്ച് രാത്രി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ബാറ്ററി എനർജി സ്‌റ്റോറേജ് പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. പോത്തൻകോട് തയ്യാറാക്കുന്ന 40 മെഗാവാട്ടിന്റെ സ്‌റ്റോറേജ് സംവിധാനം ഈ വർഷം അവസാനത്തോടെ ആരംഭിക്കും.

കാസർകോട്, ശ്രീകണ്ഠപുരം, മലപ്പുറത്തെ അരീക്കോട്, ബ്രഹ്മപുരം എന്നിവിടങ്ങളിൽ ഈ പദ്ധതി നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിഥികളുടെ ചോദ്യങ്ങൾക്ക് മന്ത്രി സണ്ണി ജോസഫ് മറുപടി പറഞ്ഞു.

മുൻ സംസ്ഥാന ധനകാര്യ കമ്മിഷൻ അദ്ധ്യക്ഷൻ ഡോ.ബി.എ.പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് അദ്ധ്യക്ഷനായിരുന്നു. വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോ.കല്യാണി വല്ലത്ത്, റോയി ക്രിസ്റ്റി, കേണൽ രാജീവ് മണ്ണാളി, ശാരിക മേനോൻ, കൃത്യദാസൻ എന്നിവർക്ക് കേരളകൗമുദിയുടെ ഉപഹാരം മന്ത്രി സണ്ണി ജോസഫ് സമ്മാനിച്ചു. കേരളകൗമുദിയുടെ സ്‌നേഹാദരം വി.എസ്.രാജേഷ് മന്ത്രിക്ക് സമ്മാനിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായ എ.സി.റെജി സ്വാഗതവും കൗമുദി ടി.വി ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. കൗമുദി ടി.വി സൗത്ത്‌സോൺ മാർക്കറ്റിംഗ് ഹെഡ് അനിൽ ചന്ദ്ര കെ.എസ്, കേരളകൗമുദി ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, എ.ജി.അയ്യപ്പദാസ് എന്നിവർ പങ്കെടുത്തു.

Read News ⏭️

Back to top button