NEWS
റാന്നിയെ മുക്കി അപ്രതീക്ഷിത വെള്ളപ്പൊക്കം; മഹാപ്രളയത്തിന്റെ എട്ടു വർഷം പൂർത്തിയാകാൻ 15 ദിവസം ബാക്കി

റാന്നി∙ മഹാപ്രളയത്തിന്റെ എട്ടു വർഷം പൂർത്തിയാകാൻ 15 ദിവസം ബാക്കി നിൽക്കെയുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന്റെ ആശങ്കയിലാണു വ്യാപാരികളും റാന്നിയിലെ ജനങ്ങളും. 2018 ഓഗസ്റ്റ് 15നുണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപാരികൾക്കു വൻ നഷ്ടമുണ്ടായിരുന്നു. പലകടകളിലും ഓണക്കാലത്തേക്കുള്ള സാധനങ്ങൾ സ്റ്റോക്ക് ചെയ്തു തുടങ്ങിയപ്പോഴാണ് ഇത്തവണയും വെള്ളപ്പൊക്കം എത്തിയത്. ഇട്ടിയപ്പാറയിലേത് ഉൾപ്പെടെ ഒട്ടേറെ കടകൾ വെള്ളത്തിൽ മുങ്ങി ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. തുണിത്തരങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവയെല്ലാം വൻതോതിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ദൂരെസ്ഥലങ്ങളിൽ നിന്നുള്ള വ്യാപാരികൾ ഓടിയെത്തിയപ്പോഴേക്കും കടകളിൽ വെള്ളം കയറിയിരുന്നു. ഇവർ ഉൾപ്പെടെ റാന്നിയിലേക്കു വന്നവർ പെരുമ്പുഴ ജംക്‌ഷൻ, ചെത്തോങ്കര ഭാഗങ്ങളിൽ കാത്തുനിൽക്കേണ്ടി വന്നു. വെള്ളം പൊങ്ങുന്നതു കണ്ടിട്ടും പ്രിന്റിങ് കടകൾ, വർക്‌ഷോപ്പുകൾ തുടങ്ങിയവയ്ക്കു വിലപിടിപ്പുള്ള ഉപകരണങ്ങൾ എടുത്തുമാറ്റാനാകാതെ നിസ്സഹായരാകേണ്ടിയും വന്നു. 2018ലെ വെള്ളപ്പൊക്കം മനുഷ്യനിർമിതമാണെന്ന് ആരോപണം ഉയർന്നെങ്കിലും വെള്ളപ്പൊക്കത്തിൽ നാശം നേരിട്ട വ്യാപാരികൾക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം സർക്കാരിൽ നിന്നു ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മറ്റൊരു വെള്ളപ്പൊക്കത്തിന് കൂടി റാന്നി സാക്ഷിയാകുന്നത്.ജില്ലയിലെ മഴക്കെടുതി സംബന്ധിച്ചു ജില്ലാ ഭരണകൂടത്തിനു നിർദേശങ്ങളും നൽകി. റാന്നി മേഖലയിൽ പുലർച്ചെ വെള്ളം കയറിത്തുടങ്ങിയതോടെ തന്നെ പഴകുളം മധു എംഎൽഎയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിതമാക്കാൻ എംഎൽഎ നേതൃത്വം നൽകി. ആറന്മുളയിൽ അബിൻ വർക്കി എംഎൽഎയും നേതൃത്വം ഏറ്റെടുത്തു. ക്യാംപിലേക്കു മാറാൻ തയാറാകാത്തവരെ എംഎൽഎ ഇടപെട്ട് അനുനയിപ്പിച്ചു ക്യാംപുകളിലേക്കു മാറ്റി. കലക്ടർ എ.നിസാമുദ്ദീനും വെള്ളപ്പൊക്ക മേഖലകൾ സന്ദർശിച്ചു നടപടികൾ ഏകോപിപ്പിച്ചു. മല്ലപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡ്, മല്ലപ്പള്ളി– ആനിക്കാട് റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി.
Fashion ⏭️


