LIFESTYLE
ഇനി ചിലതെല്ലാം ജെൻ സി തീരുമാനിക്കും! കേരളത്തിലും കാര്യങ്ങൾ മാറുകയാണ്; ഇത് അറിയുന്നുണ്ടോ?

ജെൻ സി തലമുറയുടെ വൈബ് ഒന്ന് വേറെ തന്നെയാണ്. ആഗ്രഹിക്കുന്ന പൂർണ്ണതയിൽ ജീവിതം ആസ്വദിക്കണമെന്ന് നിർബന്ധമുള്ളവർ. പഴഞ്ചൻ കാഴ്ചപ്പാടുകൾ പൊളിച്ചെഴുതി അഡ്ജസ്റ്റ്മെന്റുകൾക്ക് വഴങ്ങാതെ സ്വന്തം ഇഷ്ടങ്ങൾക്ക് മുൻതൂക്കം നൽകി ജീവിക്കാൻ ഉറപ്പിച്ചിറങ്ങിയവർ. ഇവരുടെ ഈ താൽപര്യങ്ങളും കാഴ്ചപ്പാടുകളും ജീവിതരീതിയിലും വിദ്യാഭ്യാസത്തിലും എന്നതുപോലെ വീടുകളുടെ തെരഞ്ഞെടുപ്പിൽ പോലും പ്രതിഫലിക്കുന്നുണ്ട്. വീട് എന്നാൽ താമസിക്കാൻ ഉതകുന്ന അവശ്യ സൗകര്യങ്ങളുള്ള ഒരിടം മാത്രമായി ഇവർ കരുതുന്നില്ല. വീടിൻ്റെ വലുപ്പത്തേക്കാൾ പ്രായോഗികതയ്ക്കും ജീവിതശൈലിക്ക് ചേർന്നു പോകുന്ന സൗകര്യങ്ങൾക്കുമാണ് ജെൻ സി പ്രാധാന്യം നൽകുന്നത്.അവശ്യ സർവീസുകളെല്ലാം സ്മാർട്ട് ഫോണിൽ ലഭിക്കണമെന്ന് പ്രതീക്ഷിക്കുന്ന പുതുതലമുറ അതേ കാഴ്ചപ്പാടോടെയാണ് വീടുകളെയും കാണുന്നത്. ജെൻ സിയിലെ തന്നെ ഏറ്റവും ഉയർന്ന പ്രായക്കാർ, അതായത് 25നും 29 നും ഇടയിൽ പ്രായത്തിലുള്ളവരാണ് സ്വന്തമായി താമസസ്ഥലം തേടുന്നവരിൽ ഏറെയും. എന്നാൽ വീട്ടുടമസ്ഥതയിലേക്ക് ഇവർ ഒറ്റയടിക്ക് കുതിക്കുന്നില്ല എന്നതും എടുത്തുപറയണം. ഒരേ സ്ഥാപനത്തിൽ വർഷങ്ങളോളം തുടരുന്ന രീതി ഇല്ലാത്തതുകൊണ്ടുതന്നെ പല നഗരങ്ങളിലായി മാറിമാറിയുള്ള താമസത്തിന് അനുയോജ്യമായ രീതിയിൽ വാടകവീടുകളെയാണ് ഇവർ ആശ്രയിക്കുന്നത്. അതേസമയം വാടക നിരക്ക് കുത്തനെ ഉയരുന്നതും പല തൊഴിലുകളിലെയും ഉയർന്ന ശമ്പളവും അധികം കാലതാമസം ഇല്ലാതെ സ്വന്തമായി ഒരു വീട് നിർമിക്കാനോ വാങ്ങാനോ ഇവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. വീട് വാങ്ങാൻ തീരുമാനിച്ചാൽ അപ്പാർട്ട്മെന്റുകളുടെയോ വില്ലകളുടെയോ വലുപ്പമല്ല ജെൻ സിയെ ആകർഷിക്കുന്നത്. വീടിൻ്റെ ഓരോ ചതുരശ്ര അടിയും ഉപയോഗക്ഷമതയുള്ളതാണോ എന്നതാണ് ഇവരുടെ നോട്ടം. വലിയ വീടുകളെക്കാണുപരി നന്നായി പ്ലാൻ ചെയ്തു നിർമിച്ചിരിക്കുന്ന വൺ ബി എച്ച് കെ അല്ലെങ്കിൽ ടു ബി എച്ച് കെ അപ്പാർട്ട്മെന്റുകളോടാണ് താല്പര്യം. കോറിഡോറുകളാണെങ്കിലും ലിവിങ് റൂമാണെങ്കിലും ബെഡ്റൂമാണെങ്കിലും അനാവശ്യമായി സ്ഥലം ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിൽ അത്തരം വീടുകൾ വേണ്ടെന്നുവയ്ക്കാൻ ജെൻ സി മടിക്കുന്നില്ല. മറിച്ച് ഹൈബ്രിഡ് തൊഴിൽ രീതികൾക്ക് വേണ്ട സൗകര്യങ്ങൾ, വലിയ ബാൽക്കണികൾ, സ്വാഭാവിക വെളിച്ചം കൂടുതലായി ലഭിക്കാനുള്ള സാധ്യത,ഓപ്പൺ കിച്ചൻ പ്ലാൻ, ആധുനിക സ്റ്റോറേജ് സംവിധാനങ്ങൾ എന്നിവയ്ക്കെല്ലാമാണ് ഡിമാൻഡ്. അതിവേഗത്തിൽ മാറിനിറയുന്ന ഈ ഉപഭോക്തൃ ഡിമാൻഡ് അനുസരിച്ച് ഭവന പദ്ധതികളിൽ മാറ്റം വരുത്താൻ ഡെവലപ്പർമാരും ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. പഴയ രീതിയിലുള്ള മാർക്കറ്റ് സർവേകളെ മാത്രം ആശ്രയിക്കുന്നതിനുപകരം ഉപഭോക്തൃ ഫീഡ്‌ബാക്ക് വിശകലനം ചെയ്യുന്നതിനും മാറുന്ന ജീവിതശൈലികൾ തിരിച്ചറിയുന്നതിനുമായി ഡെവലപ്പർമാർ എ ഐ ഉപകരണങ്ങൾ കൂടുതലായി ഇന്ന് ഉപയോഗിക്കുന്നുണ്ട്. ഇവയനുസരിച്ച് പ്രായോഗികമായ മാറ്റങ്ങൾ ഡിസൈനിങ്ങിലും വരുത്തുന്നു. ക്രോസ് വെന്റിലേഷൻ മെച്ചപ്പെടുത്താനും സീലിങ്ങിൻ്റെ ഉയരം വർദ്ധിപ്പിക്കാനും ബാൽക്കണികൾ ഉപയോഗയോഗ്യമായ ഔട്ട്ഡോർ ഇടങ്ങളാക്കി മാറ്റാനും ഡെവലപ്പർമാർ ശ്രദ്ധിക്കുന്നുണ്ട്.വീടുകളുടെ ഡിസൈനിങ്ങിലെ മാറ്റം മാത്രമല്ല ഒരു വീട് തെരഞ്ഞെടുത്താൽ എത്രത്തോളം സാമൂഹികമായി ബന്ധപ്പെടാനുള്ള സാധ്യത ഉണ്ടെന്നതും ജെൻ സി കണക്കിലെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭവന പദ്ധതികളുടെ കമ്മ്യൂണിറ്റി ഡിസൈനിങ്ങിലും മാറ്റങ്ങൾ പ്രകടമാണ്. പ്രത്യേക ക്ലബ്ബുകൾ, പതിവായി ഒത്തുചേരലുകൾ നടത്തുന്നതിനായി രൂപകല്പന ചെയ്യപ്പെടുന്ന പൊതു ഇടങ്ങൾ എന്നിവ പുതിയതായി നിർമിക്കപ്പെടുന്ന ഏതൊരു ഭവന പദ്ധതിയിലും വേറിട്ട കാഴ്ചയാണ്. പെറ്റ് പേരെന്റിങ്ങ് മാറിയ ജീവിതരീതിയുടെ ഭാഗമായതോടെ വളർത്തുമൃഗ സൗഹൃദാന്തരീക്ഷങ്ങളും പ്രത്യേകമായി സൃഷ്ടിക്കപ്പെടുന്നു.ജെൻ സിയുടെ കാഴ്ചപ്പാടിൽ സാങ്കേതികവിദ്യയുടെ സാന്നിധ്യം ഒരു അധിക ആനുകൂല്യമല്ല മറിച്ച് അത്യാവശ്യ ഘടകമാണ്. അതുകൊണ്ടുതന്നെ പാഴ്സലുകൾ വാങ്ങുന്നതിനായി പ്രത്യേകമായി ഡെലിവറി റൂമുകൾ തയ്യാറാക്കപ്പെടുന്നതും ഇന്ന് പുതുമയല്ല. ഇവി ചാർജിങ് സ്റ്റേഷനുകളും അധിക സൗകര്യമായി എടുത്തു കാട്ടിയിരുന്ന രീതി മാറി അടിസ്ഥാന സൗകര്യമായി തീർന്നു. വാടകവീടുകളാണെങ്കിലും വിലയ്ക്ക് വാങ്ങുന്നതാണെങ്കിലും പൂർണമായി ഫർണീഷ് ചെയ്തവയാണെങ്കിൽ ജെൻസിക്ക് താല്പര്യമേറും. ഇവയുടെയെല്ലാം ആകെ തുകയായി പുതിയ ഭവന പദ്ധതികളെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള പ്ലാനിങ് നടത്താൻ ഡെവലപ്പർമാർ നിർബന്ധിതരാകുന്നതാണ് ഇന്നത്തെ അവസ്ഥ. മുൻകാലങ്ങളിൽ വീടിൻ്റെ ഭംഗിയും മുറികളുടെ വലുപ്പവുമൊക്കെയാണ് വില്പനയെ സ്വാധീനിച്ചിരുന്നതെങ്കിൽ ഇന്ന് താങ്ങാനാവുന്ന വിലയ്‌ക്കപ്പുറം സ്മാർട്ട് ലേഔട്ടുകൾ, ആധുനിക സൗകര്യങ്ങൾ, തടസമില്ലാത്ത കണക്റ്റിവിറ്റി, കോ വർക്കിങ് സ്പേസുകൾ, ഫിറ്റ്നസ് സൗകര്യങ്ങൾ, എന്നിവയാണ് പുതുതലമുറ തേടുന്നത്.
Cinema ⏭️


