NEWS
പൊന്നാനി കപ്പൽ നിർമാണ ശാല നിർമാണം അതിവേഗം; അടുത്തമാസം തന്നെ ഓഫിസ് പ്രവർത്തനം തുടങ്ങും

പൊന്നാനി ∙ കപ്പൽ നിർമാണശാല വന്നാൽ അഴിമുഖം ആധുനിക കാഴ്ചയാകും. പൊന്നാനി ലൈറ്റ് ഹൗസിനു സമീപത്തെ തീരപ്രദേശം മുതൽ വടക്ക് പുലിമുട്ടിന്റെ അഗ്രഭാഗം വരെ ഉപയോഗപ്പെടുത്തി കപ്പൽ നിർമാണകേന്ദ്രം ഒരുക്കാനാണ് നീക്കം. ഇതിനായി 29 ഏക്കർ ഭൂമി നിർമാണ കമ്പനിക്കു നൽകാമെന്നാണ് സർക്കാർ ധാരണയിലെത്തിയിരിക്കുന്നത്. അടുത്തമാസംതന്നെ ഓഫിസ് പ്രവർത്തനം തുടങ്ങാനാണ് കമ്പനി അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്. അതിവേഗം നിർമാണം പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലുള്ള അത്യാധുനിക നിർമാണ രീതിയിലാണ് ഓഫിസും അനുബന്ധ സൗകര്യങ്ങളും ഒരുക്കുക.പദ്ധതി ഇങ്ങനെ ജങ്കാർ റോഡ് കടലോരത്തേക്കു വന്നുനിൽക്കുന്ന ഭാഗം മുതലാണ് കപ്പൽ നിർമാണകേന്ദ്രം തുടങ്ങുക. ഇൗ ഭാഗത്തു ഗേറ്റ് ഹൗസ് ഉണ്ടാകും. പ്രധാന കവാടം കടന്ന് അകത്തേക്കു കയറിച്ചെല്ലുന്നത് അഡ്മിൻ ബ്ലോക്കിലേക്കാണ്. അതുകഴിഞ്ഞാൽ നിർമാണ സാമഗ്രികൾ സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള വെയർ ഹൗസ്, തൊട്ടടുത്ത വലിയ ബ്ലോക്കിൽ സ്റ്റീൽ കട്ടിങ്, പാനലുകൾ ഘടിപ്പിക്കുന്ന ഭാഗം, മെഷീൻ ഷോപ്പ്, പൈപ്പ് ഷോപ്പ് എന്നിവയും. ഇതിനു തൊട്ടടുത്തായിതന്നെ പഴയ ജങ്കാർ ജെട്ടിക്കു സമീപത്തായി കപ്പലുകൾ പുഴയിലേക്ക് ഇറക്കിനിർമിക്കുന്നതിനായുള്ള സ്ലിപ് വേ, ഇതിന്റെ മുൻവശത്ത് ഓപ്പൺ സ്റ്റോറേജിനും നിർമാണത്തിനുമുള്ള സൗകര്യവുമുണ്ടാകും. ഇത്രയും ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഒന്നാംഘട്ടത്തിലുള്ള യാനങ്ങളുടെ നിർമാണം നടക്കുക.കരാർ ഒപ്പുവച്ചത് മേയ് 18ന് കപ്പൽ നിർമാണ കമ്പനിയുമായി മാരിടൈം ബോർഡ് കരാർ ഒപ്പു വയ്ക്കുന്നത് മേയ് 18ന്. ഇതിനുശേഷമാണ് തുടർന്നുള്ള ഓഫിസ് നടപടികളിലേക്കു കടക്കുന്നത്. നിർമാണ കമ്പനിക്കു പദ്ധതിപ്രദേശത്തു താൽക്കാലിക സൈറ്റ് ഓഫിസ് തുടങ്ങുന്നതിന് അഞ്ചു ദിവസം മുൻപാണ് മാരിടൈം ബോർഡ് അനുമതി നൽകുന്നത്. ഇതനുസരിച്ച് അടുത്തമാസം താൽക്കാലിക പോർട്ടബിൾ സൈറ്റ് ഓഫിസ് പദ്ധതി പ്രദേശത്ത് തുടങ്ങാനാണ് നിർമാണ കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്.
Fashion ⏭️


