ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്: പത്ത് ദിവസത്തിനിടെ ഒമ്പതിനായിരം പേർ ചികിത്സ തേടി

പ്രതീകാത്മക ചിത്രം
കാലവർഷം മാറിയെങ്കിലും കോഴിക്കോട് ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു. പനി, ഡെങ്കിപ്പനി, എലിപ്പനി, മലേറിയ കേസുകളും വർദ്ധിക്കുകയാണ്. പത്ത് ദിവസത്തിനിടെ ഒമ്പതിനായിരത്തോളം പേരാണ് ഗവ. ആശുപത്രികളിൽ മാത്രം ചികിത്സയ്ക്കെത്തിയത്. സ്വകാര്യ ആശുപത്രികളിൽ ഇതിലുമധികം പേർ ചികിത്സ തേടിയെന്നാണ് വിവരം. ഒമ്പത് ദിവസത്തിനിടെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 158 പേരിൽ 70 പേർക്കും രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ 22 എലിപ്പനി കേസുകളും മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. ചക്കിട്ടപ്പാറ, അഴിയൂർ, പേരാമ്പ്ര, പെരുവയൽ, കക്കോടി, കുണ്ടൂപ്പറമ്പ്, ചങ്ങരോത്ത്, വട്ടോളി, സൗത്ത് ബീച്ച്, തിരുവമ്പാടി, കോട്ടൂളി, തുടങ്ങിയ സ്ഥലങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഒരു ഡസനോളം മലേറിയ കേസുകളുണ്ട്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. മേപ്പയ്യൂർ, ബേപ്പൂർ, കൊടുവള്ളി പ്രദേശങ്ങളിലാണ് രോഗം കൂടുതലുള്ളത്.
വയറിളക്കം, ഛർദ്ദി തുടങ്ങിയവ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ഡെങ്കിപ്പനി കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത് നരിപ്പറ്റ, തിരുവള്ളൂർ, ബാലുശേരി, കട്ടിപ്പാറ, നരിക്കുനി, താമരശ്ശേരി, തിരുവമ്പാടി തുടങ്ങിയ സ്ഥലങ്ങളിലാണ്. ചൂലൂർ, കോടഞ്ചേരി, കുരുവട്ടൂർ, നന്മണ്ട, കുന്ദമംഗലം, ബേപ്പൂർ, ഒളവണ്ണ, രാമനാട്ടുകര, വെസ്റ്റ്ഹിൽ, മേപ്പയ്യൂർ, വരക്കൽ ബീച്ച്, ചെട്ടിക്കുളം, നടക്കാവ്, പുതിയങ്ങാടി, നടക്കാവ് എന്നിവിടങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊതുകുകളുടെ ഉറവിടം നശിപ്പിക്കണം
രോഗം പരത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി പ്രജനനം തടയുകയാണ് പോംവഴി. മഴക്കാല പൂർവ ശുചീകരണത്തിലുണ്ടായ പാളിച്ചയാണ് രോഗവ്യാപനത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. ഒരു കോടി രൂപ ഇതിനായി ജില്ലയ്ക്ക് അനുവദിച്ചെങ്കിലും പലയിടത്തും ഫലപ്രദമായ പ്രതിരോധ പ്രവർത്തനം നടന്നില്ല.
ശ്രദ്ധിക്കണം ഇവ
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക
കൊതുകുകളുടെ ഉറവിടം നശിപ്പിക്കുക
ഭക്ഷണം പാകം ചെയ്യുമ്പോൾ ശുചിത്വം പാലിക്കുക
വയറിളക്കമുണ്ടെങ്കിൽ ഒ.ആർ.എസ് ലായനി കുടിക്കുക
ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കുടിക്കുക
നിർജ്ജലീകരണമുണ്ടെങ്കിൽ ചികിത്സ തേടുക
RELATED TOPICS: SYMPTOMS WARNING, 9000 PEOPLE TREATMENT, HEALTH ALERT KERALA, DISEASE SYMPTOMS, KERALA HEALTH NEWS
News ⏭️


