AUTO
15 ലക്ഷം ബ്രെസ! ചെറു എസ്‍യുവി വിപണിയിലെ ജൈത്രയാത്ര തുടർന്ന് മാരുതി

വില്‍പനയില്‍ 15 ലക്ഷവും കടന്ന് കുതിക്കുകയാണ് മാരുതി സുസുക്കി ബ്രെസ. ഇന്ത്യന്‍ വിപണിയില്‍ 14,61,889 യൂണിറ്റുകളും വിദേശത്ത് 52,828 യൂണിറ്റുകളും വിറ്റുകൊണ്ടാണ് മാരുതി ബ്രെസയുടെ വില്‍പന 15,14,717ലേക്ക് എത്തിയിരിക്കുന്നത്. രാജ്യത്തെ കോംപാക്ട് എസ് യുവി വിഭാഗത്തിലെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ബ്രെസ രണ്ടാമതുള്ള ടാറ്റ നെക്‌സോണിലനേക്കാള്‍ 4,22,478 എണ്ണം കൂടുതല്‍ വില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം എട്ടു ലക്ഷം വില്‍പന പിന്നിട്ട ടാറ്റയുടെ തന്നെ പഞ്ചാണ് പട്ടികയില്‍ മൂന്നാമതുള്ളത്. ആദ്യ നാലു വര്‍ഷങ്ങളില്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് മാരുതി സുസുക്കി ബ്രെസയെ ഉറക്കിയിരുന്നത്. ഫിയറ്റില്‍ നിന്നും ലഭ്യമാക്കിയ 88എച്ച്പി, 1.3 ലീറ്റര്‍ ഡിഡിഐഎസ് ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരുന്നു ബ്രെസയിലുണ്ടായിരുന്നത്. എന്നാല്‍ മാരുതി സുസുക്കി ഡീസല്‍ വാഹന ഉത്പാദനം നിര്‍ത്തിയതോടെ 2020 ഏപ്രിലില്‍ ഡീസല്‍ ബ്രെസയേയും പിന്‍വലിച്ചു. ബിഎസ് 6 മലിനീകരണ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള 1.5 ലീറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനോടെ ബ്രെസയെ 2020 ഫെബ്രുവരിയില്‍ തന്നെ അവതരിപ്പിക്കുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ ഡീസല്‍ മാത്രമെന്ന മാരുതി സുസുക്കിയുടെ ബ്രെസ വിജയമന്ത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ നാലു സാമ്പത്തികവര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവി എന്ന നേട്ടവും ബ്രെസ സ്വന്തമാക്കി. എന്നാല്‍ ഡീസല്‍ എന്‍ജിന്‍ പിന്‍വലിച്ചതിനു പിന്നാലെ 2021 സാമ്പത്തികവര്‍ഷത്തില്‍ വില്‍പന 14 ശതമാനം ഇടിഞ്ഞ് 94,635 യൂണിറ്റുകളിലേക്ക് താഴുകയും ചെയ്തു. ആ തക്കത്തിന് രാജ്യത്തെ ഒന്നാം നമ്പര്‍ എസ്‌യുവി പട്ടം ബ്രെസയില്‍ നിന്നും ഹ്യുണ്ടേയ് ക്രേറ്റ(1,20,035 യൂണിറ്റ്) സ്വന്തമാക്കുകയും ചെയ്തു. ഇതിനു ശേഷം എസ്‌യുവി വില്‍പനയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ബ്രെസക്ക് സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 2022, 2023, 2024, 2025 സാമ്പത്തികവര്‍ഷങ്ങളില്‍ ഇരട്ടഅക്ക വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും എസ്‌യുവി റാങ്കിങ്ങില്‍ രണ്ടാമതെത്താന്‍ വരെ മാത്രമേ ബ്രെസക്ക് സാധിച്ചിട്ടുള്ളൂ. 2016 മുതല്‍ 2026 വരെ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ച 14.6 ലക്ഷം യൂണിറ്റുകളിലൂടെ മാരുതി സുസുക്കിയുടെ ആകെ യൂട്ടിലിറ്റി വാഹന വില്‍പനയായ 42.7 ലക്ഷത്തിന്റെ മൂന്നിലൊന്ന്(34%) സ്വന്തമാക്കാനും ബ്രെസക്കായി. പുതിയ 2026 ബ്രെസ ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ് നേടിയിട്ടുണ്ട്. മുഖം മിനുക്കിക്കൊണ്ടുള്ള പുതിയ വരവോടെ കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ വീണ്ടും തരംഗം സൃഷ്ടിക്കാന്‍ ബ്രെസക്കാവുമെന്നാണ് പ്രതീക്ഷ.
Sports ⏭️


