NEWS

ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകര‌ം: ഹൈക്കോടതി


കൊച്ചി ∙ ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതു പോക്സോ നിയമപ്രകാരം കുറ്റകരമാണെന്നു ഹൈക്കോടതി. പാലക്കാട് മണ്ണാർക്കാട് പൊലീസ് റജിസ്റ്റർ ചെയ്ത പീഡനക്കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ ഇരുപത്തിയേഴുകാരൻ നൽകിയ ഹർജി തള്ളിയാണു ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഇക്കാര്യം വ്യക്തമാക്കിയത്.പോക്സോ നിയമപ്രകാരം കുട്ടിയെന്നാൽ 18 വയസ്സിനു താഴെയുള്ളവരാണ്. 18ന് താഴെയുള്ള കുട്ടിയുമായുള്ള ശാരീരിക ബന്ധം പോക്സോ നിയമപ്രകാരം കുറ്റകരമാണ്. ഇതനുസരിച്ചു കുട്ടി പ്രതിയുടെ ഭാര്യയാണെന്നോ അല്ലെന്നോ എന്നതിനു പ്രസക്തിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. പോക്സോ നിയമത്തിന് വ്യക്തി നിയമങ്ങളെക്കാൾ മുൻഗണനയുണ്ടെന്നും കോടതി നിരീക്ഷിച്ചു. കുട്ടിയെ മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹം കഴിച്ചതാണെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.ഭാര്യയാണെങ്കിൽ 15 നും 18 നും ഇടയിൽ പ്രായമുള്ളവരുമായുള്ള ശാരീരിക ബന്ധത്തിൽ ബലാത്സംഗക്കേസ് നിലനിൽക്കില്ലെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഇളവ് സുപ്രീംകോടതിയുടെ 2017 ലെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ബാധകമാകില്ലെന്നും കോടതി പറഞ്ഞു. തുടർന്നാണു കേസ് റദ്ദാക്കണമെന്ന ഹർജി തള്ളിയത്.


Fashion ⏭️

Back to top button