NEWS

മാസപ്പടിക്കേസ്: ഇഡി ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല; മറുപടി നൽകി പിണറായി വിജയൻ

പിണറായി വിജയൻ

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ലെന്ന് വ്യക്തമാക്കി പിണറായി വിജയന്‍ മറുപടി നല്‍കി. നിയമസഭാ സമ്മേളനവും സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇഡിക്ക് മറുപടി നൽകിയത്. നിയമോപദേശം തേടിയ ശേഷം തുടര്‍ നടപടിയെന്നാണ് ഇ ഡിയുടെ നിലപാട്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഇ ഡി നോട്ടീസ് നല്‍കിയത്. പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ ഇ ഡി സംഘം പിണറായി വീട്ടില്‍ ഇല്ലാത്തതിനാല്‍ ചുവരില്‍ നോട്ടീസ് ഒട്ടിച്ച് മടങ്ങുകയായിരുന്നു. 23ന് രാവിലെ 11ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്.

എന്നാൽ, 23ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് പിണറായി വിജയന് നിയമോപദേശം ലഭിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രണ്ട് ഇസിഐആറുകളാണ് (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) ഇ ഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിണറായി വിജയന് പുറമെ മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്തിരുന്നു. വിജിലൻസ് കേസെടുത്തതിന് പിന്നാലെയാണ് ഇഡിയുടെ നടപടി.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ പ്രകാരം ഇ ഡിക്ക് നേരിട്ട് അന്വേഷണം നടത്തണമെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. വിജിലന്‍സിന്റെ രണ്ട് എഫ്‌ഐആറുകളിലൂടെ ഇഡിക്ക് മുന്നിലുള്ള നിയമതടസം മാറിയതിനെത്തുടർന്നാണ് കേസെടുത്തത്.

English Summary

Kerala Chief Minister Pinarayi Vijayan declined to appear for Enforcement Directorate questioning in the CMRL-Exalogic financial transaction case. He cited the legislative assembly session and a Supreme Court order for his non-appearance. The ED, which had issued a notice for his presence, will now seek legal counsel on its next steps.
RELATED TOPICS: PINARAYI VIJAYAN, MASAPPADI CASE, ED QUESTIONING, PINARAYI VIJAYAN NEWS, PINARAYI VIJAYAN ED NOTICE

Read News ⏭️

Back to top button