NEWS

തലയിൽനിന്നു ചോരയൊലിക്കുമ്പോഴും ഇന്ദു തളർന്നില്ല; കുടുംബത്തെ അദ്ഭുതകരമായി രക്ഷപ്പെടുത്തി


പയ്യന്നൂർ ∙ തലയിൽനിന്നു ചോരയൊലിക്കുമ്പോഴും കുടുംബം പരുക്കേൽക്കാതെ രക്ഷപ്പെട്ട ആശ്വാസത്തിലായിരുന്നു കേളോത്തെ ചെറുക്കിണിയൻ ഇന്ദു ദാമോദരൻ (54). ഇന്ദുവും അമ്മ ശാന്ത (73), സഹോദരി രതി, മകൻ ഹരിപ്രസാദ് (14), രതിയുടെ മകൻ ദേവക് പ്രസാദ് (13), സഹോദരൻ ഗോപിയുടെ മകൻ ശ്രീനന്ദ് (5) എന്നിവരടങ്ങിയ കുടുംബം ഉറങ്ങുമ്പോഴാണ് വീടിന്റെ ഓടിട്ട മേൽക്കൂര പൂർണമായും നിലംപൊത്തിയത്.സഹോദരൻ ചെറുക്കിണിയൻ ഗോപിയുടെ വീടാണിത്. ഗോപി കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ സീമ ഗോപിക്കൊപ്പം ആശുപത്രിയിലായിരുന്നു. 2 മുറികളിലായാണ് 6 പേരും ഉറങ്ങിയത്. ശ്രീനന്ദുവും ഹരിപ്രസാദും കട്ടിലിലും ഇന്ദു നിലത്തുമാണ് കിടന്നത്. പുലർച്ചെ മൂന്നരയോടെയാണ് കുട്ടികൾ കിടന്ന കട്ടിലിനു മുകളിൽ ഓടു വീണത്. കട്ടിലിന്റെ മുകളിൽ സാരി വലിച്ചു കെട്ടിയതിനാൽ ഓട് തെറിച്ച് വീണത് ഇന്ദുവിന്റെ തലയിൽ. നല്ല ഉറക്കത്തിൽ ഞെട്ടിയുണർന്ന് വേദന കൊണ്ട് നിലവിളിക്കുമ്പോഴാണ് വീടിന്റെ മേൽക്കൂരയുടെ കഴുക്കോൽപൊട്ടുന്നത് കണ്ടത്. വേദന മറന്ന് എല്ലാവരെയും വിളിച്ചുണർത്തി.പഴയങ്ങാടി ∙ ശക്തമായ മഴയിൽ തകർന്നുവീണ വീട്ടിൽനിന്ന്് 7 വയസ്സുകാരനെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി. മാടായി കൊളവയൽ റോഡിന് സമീപത്തെ മൊത്തങ്ങ ബിജുവിന്റെ വീടാണു തകർന്നത്. മുറിയിൽ ഉറങ്ങുകയായിരുന്ന ബിജുവിന്റെ മകൻ പാർഥിവിനു പരുക്കേറ്റു. അപകട സമയത്ത് വീട്ടിൽ 3 പേർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. മുറിയിൽ കുടുങ്ങിപ്പോയ പാർഥിവിനെ നാട്ടുകാർ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. വീട്ടുകാരെ ബന്ധുവീടുകളിലേക്കു മാറ്റി.


Fashion ⏭️

Back to top button