NEWS

കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചെന്ന് റെയിൽവേ മന്ത്രി; ഇനി അറിയേണ്ടത് ഏറ്റെടുത്തു നൽകിയ ഭൂമിയുടെ കാര്യം


പാലക്കാട് ∙ കഞ്ചിക്കോട്ടെ നിർദിഷ്ട റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചെന്ന റെയിൽവേ മന്ത്രിയുടെ മറുപടിയോടെ പാലക്കാടിന് ആശയറ്റു. രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനു കേന്ദ്രമന്ത്രി നൽകിയ മറുപടിയോടെ 18 വർഷമായുള്ള സ്വപ്നത്തിനു തിരശീല വീഴുമ്പോഴും കേരളം ഏറ്റെടുത്തു നൽകിയ 236 ഏക്കർ ഭൂമിയുടെ ഫലപ്രദമായ വിനിയോഗം വേണമെന്ന ആവശ്യം ഉയരുന്നു. ഭൂമി സംസ്ഥാനത്തിനു കൈമാറുകയോ അല്ലെങ്കിൽ കേന്ദ്രസർക്കാരിന്റെ മറ്റു പദ്ധതികൾ നടപ്പാക്കുകയോ വേണമെന്നാണ് ആവശ്യം.പ്രതിവർഷം 600 കോച്ചുകൾ നിർമിക്കാൻ ശേഷിയുള്ള ബൃഹദ് പദ്ധതി 2009 വർഷത്തെ ബജറ്റിലാണു പ്രഖ്യാപിച്ചത്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തു പാലക്കാട് ഡിവിഷൻ വിഭജിച്ചു സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ പകരം നൽകിയ വാഗ്ദാനമായിരുന്നു കോച്ച് ഫാക്ടറി. ഫാക്ടറി സ്ഥാപിക്കാൻ 236 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകുകയും 2012 ഫെബ്രുവരി 21നു കേ‍ാട്ടമൈതാനത്തു നടന്ന ചടങ്ങിൽ അന്നത്തെ റെയിൽവേ മന്ത്രി ദിനേശ് ത്രിവേദി തറക്കല്ലിടുകയും ചെയ്തു.സിൽവർ ലൈൻ, വേഗറെയിൽ പദ്ധതികളും നടപ്പാക്കില്ല ന്യൂഡൽഹി ∙ സിൽവർ ലൈൻ പദ്ധതിയും ഇ.ശ്രീധരൻ നിർദേശിച്ച വേഗറെയിൽ പദ്ധതിയും നടപ്പാക്കില്ല. സിൽവർ ലൈൻ പദ്ധതി വേണ്ടെന്നും വേഗറെയിൽ പദ്ധതി ഇ.ശ്രീധരൻ നൽകിയ റിപ്പോർട്ട് പ്രകാരം നടത്താൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ നിലപാടെടുത്ത സാഹചര്യത്തിലാണു തീരുമാനമെന്നു മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. മംഗളൂരുവിനും നാഗർകോവിലിനുമിടയിൽ 3,4 പാതകൾക്കായി വിശദമായ പദ്ധതി രേഖ തയാറാക്കുന്നുണ്ട്. പാത എപ്പോൾ യാഥാർഥ്യമാകുമെന്നു പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായും മന്ത്രി രാജ്യസഭയിൽ അറിയിച്ചു. കഞ്ചിക്കോട്ട് ഏറ്റെടുത്ത 236 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും.


Fashion ⏭️

Back to top button