NEWS
പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; നോക്കുവിദ്യ പാവകളിയെ ലോകവേദികളിലേക്ക് എത്തിച്ച കലാകാരി

കോട്ടയം ∙ പരമ്പരാഗത കലാരൂപമായ നോക്കുവിദ്യാ പാവകളിയെ ലോകശ്രദ്ധയിലേക്ക് നയിച്ച കലാകാരി പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ കോട്ടയം മോനിപ്പള്ളിയിലെ വസതിയിലായിരുന്നു അന്ത്യം. നോക്കുവിദ്യാ പാവകളിയെ ജീവനോടെ നിലനിർത്തിയ അവസാനത്തെ കണ്ണികളിൽ പ്രമുഖയായിരുന്നു പങ്കജാക്ഷി. കലാരംഗത്തെ ഇവരുടെ അതുല്യമായ സംഭാവനകൾ പരിഗണിച്ച് 2020ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.തന്റെ എട്ടാം വയസിൽ മാതാപിതാക്കളിൽ നിന്നാണ് പങ്കജാക്ഷി നോക്കുവിദ്യയുടെ ആദ്യപാഠങ്ങൾ അഭ്യസിച്ചത്. മൂക്കിനും മേൽച്ചുണ്ടിനും ഇടയിൽ മൂന്നടി നീളമുള്ള ഒരു ചെറിയ തണ്ടിൽ മരപ്പാവകളെ നിയന്ത്രിച്ചു നിർത്തി, കൈകൾ ഉപയോഗിക്കാതെ കണ്ണുകളുടെ ചലനവും ഏകാഗ്രതയും കൊണ്ട് മാത്രം അവയെ ചലിപ്പിക്കുന്ന അപൂർവമായ അവതരണ ശൈലിയായിരുന്നു പങ്കജാക്ഷിയുടേത്. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാസന്ദർഭങ്ങൾ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ, പാവകളിയിലൂടെ അവർ ജനങ്ങളിലേക്ക് എത്തിച്ചു. പങ്കജാക്ഷിയുടെ ഭർത്താവ് പരേതനായ ശിവരാമ പണിക്കർ കലാരൂപത്തിന് ആവശ്യമായ പാട്ടുകൾ രചിച്ചും പശ്ചാത്തല പിന്തുണ നൽകിയും സജീവമായി കൂടെയുണ്ടായിരുന്നു.
Fashion ⏭️


