NEWS
കള്ളാടി മണ്ണിടിച്ചിൽ: വിനോദ സഞ്ചാരികൾ എത്താതെ എടയ്ക്കൽ ഗുഹയും കുറുവ ദ്വീപും

കൽപറ്റ ∙ കള്ളാടി മണ്ണിടിച്ചിലിൽ ഒലിച്ചു പോയത് വയനാട്ടിലെ വിനോദ സഞ്ചാര മേഖലയുടെ സ്വപ്നങ്ങൾ. ദുരന്തത്തിനു ശേഷം, ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ വയനാട് ജില്ലയിൽ മുഴുവൻ ഉണ്ടെന്ന തരത്തിലാണു മിക്കപ്പോഴും പ്രചാരണം. ചൂരൽമല–മുണ്ടക്കെ ദുരന്തസമയത്തു വടക്കേ ഇന്ത്യയിൽ നിന്നു പോലുമുള്ള ആളുകൾ വയനാട്ടിലെത്തി റീലുകൾ എടുത്ത് പ്രചരിപ്പിച്ചത് ഈ തെറ്റിദ്ധാരണ ശക്തമാക്കിയിരുന്നു.വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ടൂറിസ്റ്റ് ടാക്സി, ബസുകൾ, റിസോർട്ടുകൾ മറ്റു അനുബന്ധ വ്യവസായങ്ങൾ തുടങ്ങിയവ വലിയ വെല്ലുവിളി നേരിടുന്നു. ജില്ലയിൽ കൃഷി കഴിഞ്ഞാൽ പ്രധാനപ്പെട്ട ഉപജീവന മാർഗമായ വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളും ജനങ്ങളുടെ തെറ്റിദ്ധാരണയും മാറ്റാൻ ടൂറിസം വകുപ്പ് ഇടപെടണമെന്നാണു ഈ രംഗത്തുള്ളവരുടെ ആവശ്യം.പഞ്ചായത്ത് തലത്തിലാകണം റെഡ് അലർട്ട് പ്രഖ്യാപനം ഡെക്കാൻ പീഠഭൂമിയും പഞ്ചിമഘട്ട മലനിരകളും സംഗമിക്കുന്ന വയനാട്ടിൽ പല മേഖലകളിലും മഴ ലഭിക്കുന്നത് വ്യത്യസ്തമായാണ്. പുൽപള്ളി, ബത്തേരി പോലെയുള്ള പ്രദേശങ്ങളിൽ ഈ മാസം മഴ വളരെ കുറവായിരുന്നു. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോൾ ഇവിടങ്ങളിലെ വിനോദ സഞ്ചാര മേഖലകളും അടച്ചിടുന്ന സാഹചര്യമുണ്ട്. ഇതിനാൽ വയനാട് ജില്ലയുടെ സവിശേഷ കാലാവസ്ഥ പരിഗണിച്ച് പഞ്ചായത്തുതലത്തിൽ അലർട്ടുകൾ പുറപ്പെടുവിക്കണമെന്നു വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇത്തരം സാഹചര്യങ്ങളിൽ റിസോർട്ടുകളിൽ മുറി ബുക്ക് ചെയ്തവർക്കൊന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോകാനാകാതെ മടങ്ങേണ്ടി വരുന്ന സാഹചര്യം ഉള്ളതായും അവർ ചൂണ്ടിക്കാട്ടുന്നു. ഇതിന് പരിഹാരം കാണാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നു നടപടി വേണമെന്നു ഇവർ ആവശ്യപ്പെടുന്നു.
Fashion ⏭️


