NEWS
‘മുസ്‌ലിങ്ങൾ വേണ്ടെന്ന് ചിന്തിക്കുന്നവർ യഥാർഥ ഹിന്ദുവല്ല; എല്ലാ പാതകളും നയിക്കുന്നത് ഒരേ ലക്ഷ്യത്തിലേക്ക്’

ന്യൂയോർക്ക്∙ ഇന്ത്യയിൽ മുസ്‌ലിങ്ങളുണ്ടാകരുത് എന്ന് വിശ്വസിക്കുന്ന ഒരാൾ യഥാർഥത്തിൽ ഹിന്ദുവല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ന്യൂയോർക്കിൽ നടന്ന ‘ഒരു ലോകം ഒരു മനുഷ്യത്വം’ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മാർഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.‘നിങ്ങൾ നിങ്ങളെ ഹിന്ദു എന്ന് വിളിക്കുന്നുണ്ടെങ്കിൽ, എല്ലാ മാർഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് മനസ്സിലാക്കണം. എല്ലാ മനുഷ്യർക്കും അന്തസ്സുണ്ട്. മനുഷ്യർ തമ്മിൽ ഒരു വ്യത്യാസവുമില്ല. നേരത്തെ ഒരിടത്ത് സംസാരിച്ചിരുന്നു. അവിടെ മുസ്‌ലിം സഹോദരങ്ങളും ഉണ്ടായിരുന്നു. അവർ എന്നോട് ഒരു ചോദ്യം ചോദിച്ചു. ‘നിങ്ങൾ ഹിന്ദു സംഘടനയാണ്. ഹിന്ദു രാഷ്ട്രം വേണമെന്നാണ് നിങ്ങൾ പറയുന്നത്. അപ്പോൾ മുസ്‌ലിങ്ങളുടെ സ്ഥിതി എന്താകും? നിങ്ങൾ ഞങ്ങളെ പുറത്താക്കുമോ? എന്നായിരുന്നു ചോദ്യം. അപ്പോൾ ഞാൻ പറഞ്ഞു. അല്ല, അതല്ല ഹിന്ദുത്വം. ഏതെങ്കിലും ഒരു ഹിന്ദു ഇന്ത്യയിൽ മുസ്‌ലിങ്ങൾ വേണ്ടെന്ന് ചിന്തിച്ചാൽ അയാൾ ഹിന്ദുവല്ല. ഹരിയാനയിൽ രണ്ട് വിമാനങ്ങൾ കൂട്ടിമുട്ടി അപകടമുണ്ടായി. യാത്രക്കാരിൽ ഭൂരിഭാഗവും മുസ്‌ലിങ്ങളായിരുന്നു. ഞങ്ങളുടെ സ്വയം സേവകരാണ് അന്ന് അവിടെ ആദ്യം എത്തിയത്. അവർ എല്ലാവരെയും പരിചരിച്ചു. വളരെക്കുറച്ചുപേർ മാത്രമേ രക്ഷപ്പെട്ടുള്ളൂ. പരുക്കേറ്റവരെ ചികിത്സിക്കുന്നതും മരിച്ചവരുടെ അന്ത്യകർമങ്ങൾക്കുവേണ്ട സഹായം ചെയ്യുന്നതും അടക്കം എല്ലാ സഹായങ്ങളും ആർഎസ്എസ് പ്രവർത്തകരാണ് ചെയ്തത്. ഞങ്ങൾക്ക് വേർതിരിവില്ല.
Fashion ⏭️


