‘മെസി’ തട്ടിപ്പിൽ ഇടപെടാൻ കാത്ത് കേന്ദ്ര ഏജൻസികൾ

കൊച്ചി: ലയണൽ മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ, അന്വേഷണത്തിന് തുടക്കമിടാൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ കാത്തിരിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പരാതിക്കായി കാത്തിരിക്കുകയാണ് ആദായ നികുതി വകുപ്പ് (ഐ.ടി). സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി അർജന്റീനിയൻ ഫുട്ബാൾ അസോസിയേഷനെന്ന പേരിൽ അയച്ച 126 കോടി കള്ളപ്പണമാണോയെന്നാണ് വിശദമായി അന്വേഷിക്കേണ്ടത്.
എന്നാൽ സാമ്പത്തിക തട്ടിപ്പുകളിൽ പൊലീസോ മറ്റേതെങ്കിലും ഏജൻസിയോ രജിസ്റ്റർ ചെയ്യുന്ന കേസിന്റെ എഫ്.ഐ.ആർ അടിസ്ഥാനമാക്കിയേ ഇ.ഡിക്ക് അന്വേഷിക്കാനാകൂ. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്ന നടപടികളിൽ ക്രമക്കേടുണ്ടെന്ന കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിക്കുമെന്ന് അറിയിച്ചെങ്കിലും നടപടിയാരംഭിച്ചിട്ടില്ല.
വിദേശബന്ധമുള്ള പണമിടപാടായതിനാൽ വിവരം ഇ.ഡി പരിശോധിക്കുന്നുണ്ട്. പരാതിയോ സർക്കാർ ഏജൻസിയുടെ ശുപാർശയോ ലഭിച്ചാലേ അന്വേഷിക്കാനാകൂവെന്നാണ് ഐ.ടി വകുപ്പ് വൃത്തങ്ങളും പറയുന്നത്. വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട്, സ്‌പോൺസർ ബാങ്കുകൾ വഴി നടത്തിയ പണമിടപാടുകളുടെ വിവരങ്ങൾ തുടങ്ങിയവ ഇ.ഡി ശേഖരിക്കും. റിസർവ് ബാങ്കിന്റെ അനുമതി നേടിയിരുന്നോയെന്നും പരിശോധിക്കും. കള്ളപ്പണം വെളുപ്പിക്കൽ, പണത്തിന്റെ ഉറവിടം സംബന്ധിച്ച അവ്യക്തത, ഫോറിൻ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘനം തുടങ്ങിയവ കണ്ടെത്തുകയും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്താൽ വിശദമായ അന്വേഷണത്തിന് ഇ.ഡിക്ക് വഴിയൊരുങ്ങും.
പരാതി ലഭിച്ചിട്ടില്ലെന്ന് ഐ.ടി
പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഇടപാടിൽ പൊതുഫണ്ട് വിനിയോഗം നടന്നിട്ടില്ല, സ്വകാര്യഫണ്ടാണ് വിനിയോഗിച്ചത്. പണത്തിന്റെ ഉറവിടം, നിയമപരമായ നികുതി അടച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് പരിശോധിക്കാം.
അന്വേഷണം പ്രഖ്യാപിക്കാതെ സർക്കാർ
സെക്രട്ടറിയുടെ റിപ്പോർട്ട് പുറത്തുവന്ന് ഒരാഴ്ച കഴിഞ്ഞെങ്കിലും സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രാഥമികവിവരം ശേഖരിച്ച് തട്ടിപ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്യാതെ ഇടപെടാൻ പരിമിതികളുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിലപാട്.


