NEWS
പാസ്‌പോർട്ട് മോഷണം പോയി, ദുരിതം പേറി വിശന്നലഞ്ഞ് തെരുവിൽ! പ്രതീക്ഷയുടെ ആ ‘രക്ഷാകരങ്ങൾ’; മലയാളി യുവാവ് ഇനി അമ്മക്കരികിലേക്ക്

ദുബായ്∙ അഞ്ചുമാസമായി ദെയ്‌റ നായിഫിലെ അൽ ഫുത്തൈം പള്ളിക്കു സമീപത്തെ വഴിയോരത്ത് വിശപ്പും പേറി കഴിഞ്ഞ മലയാളി യുവാവ് നാട്ടിലേയ്ക്ക് മടങ്ങി. കൊല്ലം ചവറ സ്വദേശി ഗബ്രിയേൽ (26) ആണ് സുമനസ്സുകളുടെ സഹായത്തോടെ അമ്മയുടെ തണലിലേക്ക് യാത്രയായത്. തെരുവിലെ കെട്ടിടങ്ങൾക്കിടയിൽ അന്തിയുറങ്ങിയും കിട്ടുന്ന ഭക്ഷണം കഴിച്ചും ദിനങ്ങൾ തള്ളനീക്കിയ ഈ യുവാവിന് ഒടുവിൽ ഇൻകാസ് ദുബായ് പ്രവർത്തകർ രക്ഷാകരമേകി.ജോലി നഷ്ടപ്പെട്ട് കൊടുംചൂടിൽ തെരുവിൽ കഴിഞ്ഞിരുന്ന ഗബ്രിയേലിന്റെ കയ്യിലുണ്ടായിരുന്ന പാസ്‌പോർട്ടും രേഖകളും മോഷണം പോയതോടെ ദുരിതം ഇരട്ടിയായിരുന്നു. ഇൻകാസ് ഭാരവാഹിയായ മുഹമ്മദലിയാണ് അവശനായി വഴിയോരത്തു കിടന്ന ഗബ്രിയേലിനെ ആദ്യം കാണുന്നത്. വിവരം ഉടൻതന്നെ ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറയെ അറിയിച്ചു. തുടർന്ന് ഇൻകാസ് പ്രവർത്തകർ എത്തുമ്പോൾ കൊടുംചൂടേറ്റു ഗബ്രിയേൽ ആരോഗ്യനില തീർത്തും വഷളായ അവസ്ഥയിലായിരുന്നു. കൊല്ലം ജില്ലാ സെക്രട്ടറി ബൈജു പൂയപ്പള്ളിയുടെ നേതൃത്വത്തിൽ യുവാവിന് ഉടൻ ഭക്ഷണവും സുരക്ഷിതമായ താമസസൗകര്യവും ഒരുക്കി.
Fashion ⏭️




