NEWS

വന്ദേഭാരതിനെ വെല്ലും ആഡംബര ബസ്, പാൻട്രി മുതൽ സ്ക്രീനുകൾ വരെ; ഓട്ടത്തിനൊരുങ്ങി കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ്


തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസിയുടെ ആഡംബര ബസുകള്‍ എക്‌സിക്യൂട്ടീവ് ക്ലാസ് എന്ന പുതിയ പേരില്‍ ഞായറാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായ ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്. ആലപ്പുഴ-ബെംഗളൂരു പാതയില്‍ ആണ് ബസ് സര്‍വീസ് നടത്തുക. ആലപ്പുഴയില്‍ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ കെ.സി. വേണുഗോപാല്‍ എംപി ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്യും. സര്‍വീസിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ നിന്ന് വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂര്‍ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗര്‍, കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ 5.55ന് ബെംഗളൂരുവില്‍ എത്തിച്ചേരും. ബെംഗളൂരുവില്‍ നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന സര്‍വീസ് ഇതേ വഴിയിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയില്‍ എത്തും. യാത്രക്കാര്‍ക്കായി സെമി സ്ലീപ്പര്‍ സീറ്റുകള്‍, എയര്‍ സസ്‌പെന്‍ഷന്‍, ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ബസില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ നിരയിലും രണ്ട് സീറ്റുകള്‍ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. സീറ്റുകള്‍ക്കു പിന്നില്‍ പ്രത്യേകം സ്‌ക്രീനുകളും നല്‍കിയിട്ടുണ്ട്. മൊബൈല്‍ ചാര്‍ജിങ്, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് റാക്ക്, തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ചായ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണം, ടോയ്‌ലറ്റ്, പാന്‍ട്രി തുടങ്ങിയ സംവിധാനങ്ങള്‍ ബസിനുള്ളില്‍ ഒരുക്കും. 


Fashion ⏭️

Back to top button