NEWS

പെയ്തുതോരുന്നില്ല ദുരിതം, മരണം 20; മഴക്കെടുതികളിൽ വലഞ്ഞ് പത്തനംതിട്ട, കോട്ടയം ജില്ലകൾ


തിരുവനന്തപുരം ∙ തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം 3 ദിവസംകൊണ്ട് സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം 20 ആയി. വെള്ളപ്പാച്ചിലിൽ കാണാതായ 7 പേർക്കായി തിരച്ചിൽ തുടരുന്നു. 17 പേർ മരിച്ചെന്നും 5 പേരെ കാണാതായെന്നുമാണ് ഔദ്യോഗിക കണക്ക്. കോട്ടയത്തും മലപ്പുറത്തുമാണു മരണം കൂടുതൽ – 4 വീതം. രണ്ടിടത്തും ഓരോരുത്തരെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ച ഓരോരുത്തർകൂടി മരിച്ചതോടെ തിരുവനന്തപുരത്തും കൊല്ലത്തും മരണം 3 വീതമായി. തിരുവനന്തപുരത്ത് 2 പേരെയാണു കാണാതായത്. കൊല്ലത്ത് ഒരാളെയാണു കണ്ടെത്താനുള്ളത്. ഇടുക്കിയിൽ 2 പേരാണു മരിച്ചത്. കണ്ണൂരിൽ ഒരു മരണം, 2 പേരെ കാണാതായി. പത്തനംതിട്ടയിലും കോഴിക്കോട്ടും എറണാകുളത്തും ഓരോ മരണം. 353 ദുരിതാശ്വാസ ക്യാംപുകളിലായി 13,496 പേരുണ്ട്. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞദിവസം വെള്ളമിറങ്ങിയ റാന്നിയിൽ വീണ്ടും വെള്ളം കയറിത്തുടങ്ങിയത് ആശങ്കയായി. പമ്പയിൽ ജലനിരപ്പ് ഉയർന്നു. പലയിടത്തും മണ്ണിടിച്ചിൽ തുടരുന്നു.പത്തനംതിട്ട, കോട്ടയം ജില്ലകളിലാണു രൂക്ഷമായ മഴക്കെടുതികൾ. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിയതോടെ പടിഞ്ഞാറൻ മേഖല വെള്ളക്കെട്ടിലായി. തൃശൂരിൽ അണ്ടത്തോട് – പെരിയമ്പലം ലിങ്ക് റോഡ് കടലെടുത്തു. പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. മലപ്പുറം ജില്ലയിൽ ഇന്നലെ ഒരിടത്തു മണ്ണിടിച്ചിലും മറ്റൊരിടത്ത് ഉരുൾപൊട്ടലുമുണ്ടായി. കാസർകോട് ജില്ലയിലെ തയ്യേനിയിൽ ഉരുൾപൊട്ടിയ ഭാഗത്ത് മലവെള്ളപ്പാച്ചിൽ തുടരുകയാണ്. നീലേശ്വരം ഭാഗത്തു വെള്ളമിറങ്ങിത്തുടങ്ങി.പത്തനംതിട്ട: പന്തളം ചേരിക്കൽ കരിങ്ങാലി പാടത്തെ വെള്ളക്കെട്ടിൽ വീണ് ചെറുമല സ്വദേശി ലെനിൻ മുരളി (33) മരിച്ചു. ദുരിതാശ്വാസ ക്യാംപുകളിൽ ആവശ്യത്തിനു വെളിച്ചം ഒരുക്കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.


Fashion ⏭️

Back to top button