NEWS

വൈദ്യുതി കണക്ഷൻ നിരക്ക് പരിഷ്‌കാരത്തിൽ ആശങ്കറെഗുലേറ്ററി കമ്മിഷന് ഉപഭോക്താക്കളുടെ പരാതി

തിരുവനന്തപുരം: വൈദ്യുതി കണക്ഷന് ഈടാക്കുന്ന നിരക്കുകൾ പരിഷ്‌കരിക്കാനുള്ള കെ.എസ്.ഇ.ബിയുടെ പല നിർദ്ദേശങ്ങളും അശാസ്ത്രീയമെന്ന് വിമർശനം. നിലവിൽ പോസ്റ്റ്, ലൈൻ എന്നിവയുടെ ചെലവ് കണക്കാക്കിയാണ് കണക്ഷൻ ചാർജ്ജ് നിശ്ചയിക്കുന്നത്. കിലോവാട്ട് അടിസ്ഥാനത്തിൽ സ്ലാബ് തിരിച്ച് കണക്ഷൻ ചാർജ്ജ് നിശ്ചയിക്കണമെന്നാണ് പുതിയ നിർദേശം. ഇതിനെതിരെ വൈദ്യുതി റെഗുലേറ്ററി കമ്മിഷന് ഉപഭോക്താക്കുളുടെ പരാതി ലഭിച്ചു തുടങ്ങി. ഓഗസ്റ്റ് ആറിന് കമ്മിഷൻ തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തുന്നുണ്ട്.

വീടുകളിൽ കൂടുതൽ വൈദ്യുത ഉപകരണങ്ങൾക്കായോ സോളാർ പ്ലാന്റുകൾക്കായോ നിലവിലെ കണക്റ്റഡ് ലോഡ് കൂട്ടുമ്പോൾ, സർവീസ് കേബിളോ പോസ്റ്റോ മാറ്റേണ്ടതില്ലെങ്കിലും ഓരോ കിലോവാട്ടിനും 1,560 രൂപ വീതം അധികമായി നൽകണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യം. നിർമ്മാണച്ചെലവുകൾ ഉണ്ടെങ്കിൽ മാത്രമേ പണം ഈടാക്കാവൂവെന്നിരിക്കെ ഈയിനത്തിൽ തുക ഈടാക്കുന്നത് വൈദ്യുതി നിയമം 2003-ലെ സെക്ഷൻ 46 പ്രകാരം നിയമവിരുദ്ധമാണെന്നാണ് വാദം. ഇക്കാര്യം ഉന്നയിച്ച് സോളാർ ഉത്പാദകരുടെ കൂട്ടായ്മയായ കെ.ഡി.എസ്.പി.സി റെഗുലേറ്ററി കമ്മിഷന് പരാതി നൽകി.
സിംഗിൾ ഫേസിൽനിന്നു ത്രീഫേസിലേക്ക് മാറുമ്പോൾ (ഫേസ് കൺവെർഷൻ) കിലോവാട്ടിന് 700 രൂപ വീതംഈടാക്കണമെന്ന നിർദേശവും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഹ്രസ്വദൂര കണക്ഷൻ അപേക്ഷകർക്ക് പുതിയ സ്ലാബ് നിരക്കുകൾ തിരിച്ചടിയാവുമെന്ന വിമർശനവും ഉയരുന്നു. വൈദ്യുതി പോസ്റ്റിന് തൊട്ടടുത്തായി വെതർപ്രൂഫ് വയർ മാത്രം കണക്ഷന് ആവശ്യമായ ചെറുകിട ഗാർഹിക ഉപഭോക്താക്കൾക്ക് പഴയ രീതിയിലെ നിരക്കിനേക്കാൾ വലിയ തുക പുതിയ സ്ലാബ് സംവിധാനത്തിൽ നൽകേണ്ടിവരും. തെളിവെടുപ്പിൽ ഉയരുന്ന നിർദ്ദേശങ്ങളും ഉപഭോക്താക്കൾ നൽകുന്ന പരാതികളും പരിഗണിച്ചാവും കമ്മീഷൻ അന്തിമ ഉത്തരവിറക്കുക.

Read News ⏭️

Back to top button