NEWS

വീണ്ടും മഴ; വെള്ളക്കെട്ടിൽ മുങ്ങി കോട്ടയവും പത്തനംതിട്ടയും, കിഴക്കൻ വെള്ളമെത്തിയാൽ ആശങ്ക ഇരട്ടിക്കും

ശക്തമായ മഴയിൽ മീനച്ചിലാർ കരകവിഞ്ഞ് കോട്ടയം വേളൂർ റോഡിലേക്ക് വെള്ളം കയറിയപ്പോൾ,​

ഫോട്ടോ: ശ്രീകുമാർ ആലപ്ര, കേരള കൗമുദി

പത്തനംതിട്ട: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇന്നും കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യമാണുള്ളത്. നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജില്ലകളിൽ രാവിലെയും മഴ തുടരുന്നതിനാൽ സ്ഥിതി കൂടുതൽ മോശമാകാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, വനമേഖലയിൽ മഴ കുറഞ്ഞതിനെ തുടർന്ന് പമ്പ,​ അച്ചൻകോവിലാർ,​ കക്കട്ടയാർ എന്നിവിടങ്ങളിലെ ജലനിരപ്പ് സാധാരണ നിലയിലേക്ക് ആയിട്ടുണ്ട്.

പത്തനംതിട്ടയിലെ മല്ലപ്പുഴശ്ശേരി,​ ആറന്മുള പഞ്ചായത്തുകളിലാണ് പ്രധാനമായും പ്രളയക്കെടുതി രൂക്ഷമായിരുന്നത്. ഇവിടെ ഇരുന്നൂറോളം പേർ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിലാണ് താമസിക്കുന്നത്. റാന്നിയിലും ആറന്മുളയിലും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങിത്തുടങ്ങിയിട്ടുണ്ട്. ജനവാസമേഖലയിലെ വെള്ളം വയൽ പ്രദേശങ്ങളിലേക്കാണ് ഇറങ്ങുന്നത്.

കോഴഞ്ചേരി ഭാഗത്ത് ആശങ്ക ഒഴിയുന്ന സാഹചര്യമാണുള്ളതെങ്കിൽ ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നത് തിരുവല്ലയിലാണ്. അപ്പർ കുട്ടനാട് ഉൾപ്പെടുന്ന തിരുവല്ല താലൂക്കിൽ പ്രളയക്കെടുതി കൂടുന്ന സാഹചര്യമാണുള്ളത്. കിഴക്കൻ വെള്ളമെത്തിയാൽ സ്ഥിതി കൂടുതൽ മോശമാകുമെന്നാണ് വിലയിരുത്തൽ. കടപ്ര- നിരണം ലിങ്ക് ഹൈവേയിൽ കനത്ത വെള്ളക്കെട്ടാണ് ഇപ്പോഴുള്ളത്. പ്രദേശത്തെ ക്യാമ്പിൽ നാനൂറോളം ആൾക്കാരാണ് താമസിക്കുന്നത്.

കോട്ടയം ജില്ലയിൽ വീണ്ടും മഴ തുടരുന്ന സഹാചര്യത്തിൽ ഇല്ലിക്കൽ,​ തിരുവാർപ്പ് മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. കനത്തമഴയെത്തുടർന്ന് ഇല്ലിക്കലിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണു. കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

English Summary

Heavy rain continues to disrupt life in Kerala’s Pathanamthitta and Kottayam districts, with several areas still waterlogged. Around 600 people remain in relief camps, mainly in Aranmula, Mallappuzhassery, and Thiruvalla. While water levels have receded in some eastern rivers, authorities warn that inflow from upstream could worsen flooding. Residents have been urged to remain vigilant.
RELATED TOPICS: KOTTAYAM RAIN, PATHANAMTHITTA FLOOD, KERALA HEAVY RAIN, KIZHAKKAN VELLAM, KOTTAYAM PATHANAMTHITTA WEATHER

Read News ⏭️

Back to top button