NEWS
മിന്നൽ പ്രളയങ്ങൾ കേരളത്തിനു ഭീഷണി; എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ

തിരുവനന്തപുരം∙ മഴക്കെടുതിയിൽ വലയുകയാണ് കേരളം. പ്രളയമഴയ്ക്കു പിന്നിൽ പ്രാദേശിക ലഘു മേഘവിസ്ഫോടനങ്ങളാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റ് ഒന്നിനു 20 സെന്റിമീറ്റർ മഴയാണു പ്രതീക്ഷിച്ചതെങ്കിൽ പലയിടത്തും 30 സെന്റിമീറ്റർ വരെ പെയ്തു. പ്രതീക്ഷിച്ചതിലും വളരെയേറെ മഴ ചെറിയ സമയത്തിനുള്ളിൽ ഒരു പ്രദേശത്ത് പെയ്തിറങ്ങുന്നതാണ് വെള്ളപൊക്കത്തിന് ഇടയാക്കുന്നത്. വെള്ളം പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം.മഴ വരുമ്പോൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അലർട്ടുകൾ പ്രഖ്യാപിക്കാറുണ്ട്. എന്താണ് റെഡ് അലർട്ട്? എന്തു സാഹചര്യത്തിലാണ് വിവിധ അലർട്ടുകൾ പ്രഖ്യാപിക്കുന്നത്? നാലു നിറങ്ങളിലുള്ള അലർട്ടുകളാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കുന്നത്. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച. മഴ പെയ്യാനുള്ള സാധ്യത, പ്രവചനത്തിലെ മഴയുടെ അളവ്, തീക്ഷ്ണത, പ്രവചനത്തിലെ മഴ സാധ്യതാ സ്ഥലങ്ങളെ സംബന്ധിച്ച വിവരം എന്നിവ പരിശോധിക്കും. അതിനുശേഷമാണ് അലർട്ടുകൾ നൽകുന്നത്. പ്രവചിക്കുന്ന മഴയ്ക്ക് അനുസരിച്ച് തയാറെടുപ്പുകൾ നടത്താനാണ് വിവിധ അലർട്ടുകൾ.∙ ഓറഞ്ച് അലർട്ട് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.ഓറഞ്ച് അലർട്ടിലൂടെ അതിജാഗ്രതാ മുന്നറിയിപ്പാണ് നൽകുന്നത്. സുരക്ഷാ തയാറെടുപ്പുകൾ തുടങ്ങണം. മാറ്റി താമസിപ്പിക്കൽ ഉൾപ്പെടെ അധികൃതർ ആരംഭിക്കേണ്ടതോ അതിനുവേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കേണ്ടതോ ആയ ഘട്ടം. അപകട സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് ഉൾപ്പെടെ തയാറാക്കി നിൽക്കണം. രക്ഷാ സേനകളോട് തയാറെടുക്കാൻ ആവശ്യപ്പെടും. ക്യാംപുകൾ തയാറാക്കണം.
Fashion ⏭️


