NEWS

സംസ്ഥാനത്തെ ആദ്യ കാർഡിയോ– പൾമനറി റീഹാബിലിറ്റേഷൻ കേന്ദ്രം ഒരുങ്ങുന്നു; അപൂർവനേട്ടത്തിലേക്ക് കോട്ടയം മെഡിക്കൽ കോളജ്


കോട്ടയം ∙ സംസ്ഥാനത്തെ ആദ്യ കാർഡിയോ– പൾമനറി (കാർഡിയോ റെസ്‌പിറേറ്ററി) റീഹാബിലിറ്റേഷൻ കേന്ദ്രം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഹൃദയ- ശ്വാസകോശ ശസ്ത്രക്രിയയ്ക്കുശേഷം രോഗികളെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രമാണിത്. ഉദ്ഘാടനം ഉടൻ നടക്കും. ഒരു കോടി രൂപയിലധികം ചെലവഴിച്ചാണ് കേന്ദ്രം നിർമിച്ചത്. ഒരേസമയം 50 രോഗികൾക്കുവരെ സൗജന്യമായി അത്യാധുനിക ചികിത്സയും ശാസ്ത്രീയ പരിചരണവും ഇവിടെ ലഭിക്കും. ഹൃദ്രോഗ – ശ്വാസകോശ രോഗികൾക്ക് ഓരോരുത്തരുടെയും തൊഴിലിന് അനുയോജ്യമായ പ്രത്യേക ശാരീരിക പരിശീലനങ്ങൾ ഇവിടെ നൽകും. കാർഡിയോളജി, കാർഡിയോ തൊറാസിക് വാസ്‌കുലാർ സർജറി, പൾമനോളജി എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് കേന്ദ്രത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.ശസ്ത്രക്രിയാനന്തര പരിചരണത്തിനു പുറമേ പാലിയേറ്റീവ്, പൊള്ളൽ (ബേൺസ്), മെഡിക്കൽ ഐസിയു എന്നീ വിഭാഗങ്ങളിലെ രോഗികൾക്കും ആവശ്യമായ വ്യായാമങ്ങളും ഫിസിയോതെറപ്പിയും ഇവിടെ ലഭിക്കും. ഹൃദയ- ശ്വാസകോശ ശസ്ത്രക്രിയകൾക്കു ശേഷം ഒരു മാസത്തോളമെങ്കിലും നീളുന്ന റീഹാബിലിറ്റേഷൻ സ്വകാര്യ ആശുപത്രികളിൽ ഏറെ ചെലവേറിയതാണ്. പൂർണമായും സൗജന്യമായി നൽകുന്നതുവഴി രോഗികൾക്ക് ഭീമമായ തുക ലാഭിക്കാനാകും.ജോസ്‌കോ, കൊച്ചിൻ ഷിപ്‌യാഡ് എന്നീ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടും ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹായവും പ്രയോജനപ്പെടുത്തിയാണു യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്.


Fashion ⏭️

Back to top button