NEWS
‘വെടിയും വയ്ക്കണം ഒപ്പം ഠോ എന്നു പറയുകയും വേണം’; ഗതാഗത മന്ത്രിയറിയുന്നുണ്ടോ ഈ ഡിജിറ്റൽ നാണക്കേട്

കാക്കനാട് ∙ ‘വെടിയും വയ്ക്കണം ഒപ്പം ഠോ എന്നു പറയുകയും വേണം’– ജോയിന്റ് ആർടിഒ സി.ഡി.അരുണിനെ കാണാൻ ക്യൂവിൽ നിൽക്കുന്നതിനിടെ എളമക്കര സ്വദേശിയായ വിമുക്ത ഭടന്റെ ആത്മഗതം. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ ഓൺലൈനിൽ അപേക്ഷിച്ചതാണ്. പോരായ്മകൾ പരിഹരിക്കാൻ ആർടി ഓഫിസിൽ നേരിട്ടെത്തുകയും വേണമെന്ന നിർദേശത്തോടുള്ള അമർഷം കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ. ഇന്നലെ മാത്രം 105 പേരാണ് ടോക്കൺ എടുത്ത് ജോയിന്റ് ആർടിഒയെ കണ്ടത്. അപേക്ഷകർ ആർടി ഓഫിസിൽ എത്താതെ ആവശ്യങ്ങൾ നടക്കുമെന്ന പ്രഖ്യാപനത്തോടെ വർഷങ്ങൾക്കു മുൻപ് നടപ്പാക്കിയ ഓൺലൈൻ നടപടികൾ ഭൂരിഭാഗം പേർക്കും ഇപ്പോഴും പ്രയോജനപ്പെടുന്നില്ല. ഓൺലൈൻ നടപ്പാക്കുന്നതിനു മുൻപ് ആർടി ഓഫിസിലെത്തി അപേക്ഷ സമർപ്പിച്ചാൽ അപ്പോൾ തന്നെ പോരായ്മകൾ പരിഹരിച്ച് മടങ്ങാമായിരുന്നു. ഓൺലൈൻ വന്നതോടെ അപേക്ഷ സമർപ്പിക്കാൻ അക്ഷയ കേന്ദ്രത്തിലോ ഇ–സേവ കേന്ദ്രത്തിലോ ക്യൂ നിൽക്കണം. അതിനു ശേഷം ഇതിന്റെ പ്രിന്റൗട്ടുമായി ആർടി ഓഫിസിലും എത്തി ക്യൂ നിൽക്കേണ്ട ഗതികേടിലാണ് ഭൂരിഭാഗം അപേക്ഷകരും. ആധാർ കാർഡും ഫോൺ നമ്പറുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് അപേക്ഷകരിൽ കൂടുതലും വട്ടം കറങ്ങുന്നത്. പലതിന്റെയും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരെ നേരിൽ കണ്ടേ പറ്റു. ജോയിന്റ് ആർടിഒയുടെയും മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും മുറികൾക്കു മുൻപിൽ നിത്യേന നീണ്ട നിരയാണ്.
Fashion ⏭️


