NEWS

മെസി വിവാദത്തിൽ അന്വേഷണത്തിന് തുടക്കമിട്ട് ഇ ഡി; വിദേശ്യനാണ്യ ചട്ടലംഘനം നടന്നോയെന്ന് പരിശോധിക്കും

ലയണൽ മെസി

കൊച്ചി: മെസിയെ കേരളത്തിലേക്കുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ ഡി) പ്രാഥമിക പരിശോധനകൾ ആരംഭിച്ചതായി റിപ്പോർട്ട്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നാകും പ്രധാനമായും പരിശോധിക്കുന്നത്. സ്‌പോൺസർ വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഇ ഡി നടപടി.

മെസിയെ കേരളത്തിലേക്കെത്തിക്കുന്നതിനായി നടത്തിയ ഇടപാടുകളിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കായിക വകുപ്പ് സെക്രട്ടറി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിയായ ഇ ഡി പരിശോധനകൾ ആരംഭിച്ചിരിക്കുന്നത്.

പദ്ധതിയിലെ സ്‌പോൺസർമാരായ റിപ്പോർ‌ട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി (ആർബിസി) വിദേശത്തേക്ക് കോടിക്കണക്കിന് രൂപ കൈമാറിയതായി നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു. റിസ‌ർവ് ബാങ്കിന്റെ അനുമതിയോടെയാണ് പണം നൽകിയതെന്ന് കമ്പനി വാദിക്കുന്നുണ്ടെങ്കിലും ഇതിൽ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്നാണ് ഇ ഡി അന്വേഷിക്കുന്നത്.

സർക്കാരിന്റെ അറിവോടെയല്ലാതെ കരാർ വ്യവസ്ഥകൾ ലംഘിച്ചെന്നും വൻ സാമ്പത്തികത്തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കായിക സെക്രട്ടറി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. മെസി വരുമ്പോൾ രണ്ട് കളിയുണ്ടാകുമെന്നാണ് കരാറിലുള്ളത്. 15ദശലക്ഷം ഡോളറാണ് ചെലവ്. പിന്നീട് കളി ഒന്നായി ചുരുക്കി. പണം കുറച്ചില്ല. അതിന് കാരണവും പറയുന്നില്ല. 200 കോടിയാണ് മൊത്തം ചെലവ്. 82 കോടി ഇതിൽ ലാഭമുണ്ടാകും.അത് ആരൊക്കെ പങ്കുവെയ്ക്കുമെന്ന് ധാരണയിലില്ല.സർക്കാരിന് എന്ത് കിട്ടുമെന്നതും വ്യക്തതയില്ല.

പദ്ധതിക്ക് പണം സ്പോൺസർമാർ തരുമെന്നാണ് പറയുന്നത്. അവർക്ക് എന്താണ് അതിൽ നേട്ടമെന്നത് ഫയലില്ല. ഇതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകളും പൂർണ്ണമായി സർക്കാരിന്റെ പക്കലില്ല. മെസിയുടെ സുരക്ഷാചെലവ് ആര് വഹിക്കും. സർക്കാരിന് എന്ത് ബാദ്ധ്യതയുണ്ടാകും. സ്പോൺസർമാരുടെ യോഗ്യത,​ എങ്ങനെ അവരെ കണ്ടെത്തി. ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും മറച്ചുവെച്ചു. ഇക്കാര്യങ്ങളെല്ലാം വകുപ്പ് തലത്തിൽ പരിശോധിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് മന്ത്രി ഒ ജെ ജെനീഷ് വിഷയത്തിൽ പ്രതികരിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് വകുപ്പുതലത്തിൽ നടന്ന അന്വേഷണറിപ്പോർട്ടുകൾ ഇ ഡി ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.
RELATED TOPICS: MESSI CONTROVERSY, MESSI KERALA VISIT, MESSI EVENT SPONSOR, ED, INVESTIGATION

Read News ⏭️

Back to top button