NEWS
കാൻസറിന് കാരണമാകുന്ന മാരക കളനാശിനിക്ക് നിരോധനമില്ല; കേന്ദ്രം ഏർപ്പെടുത്തുന്നത് നിയന്ത്രണം മാത്രം

ന്യൂഡൽഹി ∙ കേരളത്തിൽ താൽക്കാലികമായി നിരോധിച്ച, കാൻസർ ഉൾപ്പെടെ മാരക രോഗങ്ങൾക്കു കാരണമാകുന്ന കളനാശിനിയായ ഗ്ലൈഫോസേറ്റ് രാജ്യവ്യാപകമായി നിരോധിക്കില്ലെന്നു കേന്ദ്ര സർക്കാർ. നിരോധിക്കുന്നതിനു പകരം നിയന്ത്രിത ഉപയോഗത്തിനു കർശന വ്യവസ്ഥകൾ ഏർപ്പെടുത്താനാണു കഴിഞ്ഞ ദിവസം ചേർന്ന സെൻട്രൽ ഇൻസെക്ടിസൈഡ്സ് ബോർഡ് ആൻഡ് റജിസ്ട്രേഷൻ കമ്മിറ്റി തീരുമാനിച്ചത്. മനുഷ്യരിൽ മാരക പാർശ്വഫലങ്ങളുണ്ടാക്കുന്ന ഗ്ലൈഫോസേറ്റ് നിരോധിക്കണമെന്ന് പരിസ്ഥിതി സംഘടനകളും ആരോഗ്യപ്രവർത്തകരും വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്.കൃഷിയിടങ്ങളിൽ ഗ്ലൈഫോസേറ്റ് സ്പ്രേ ചെയ്യാൻ അനുവദിക്കില്ല. പകരം പ്രത്യേക പരിശീലനം ലഭിച്ച, ലൈസൻസുള്ള പെസ്റ്റ് കൺട്രോൾ ഓപ്പറേറ്റേഴ്സിനെ മാത്രം അനുവദിക്കാനാണു തീരുമാനം. തുടർനടപടികൾക്കായി ഈ ശുപാർശ കൃഷിമന്ത്രാലയത്തിന്റെ കൃഷി, കർഷക ക്ഷേമ വകുപ്പിനു കൈമാറാനും സെൻട്രൽ ഇൻസെക്ടിസൈഡ്സ് ബോർഡ് ആൻഡ് റജിസ്ട്രേഷൻ കമ്മിറ്റി സെക്രട്ടറി ഡോ. സുഭാഷ് ചന്ദിനോടു നിർദേശിച്ചു. എന്നാൽ, ലൈസൻസുള്ളവർക്കു മാത്രം ഗ്ലൈഫോസേറ്റ് പ്രയോഗിക്കാം എന്ന വ്യവസ്ഥ ഭാവിയിൽ ഇതുമൂലമുണ്ടാകുന്ന അപകടങ്ങളിൽ മരിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്തത്തിൽ നിന്നു കളനാശിനി നിർമാതാക്കളെ ഒഴിവാക്കുമെന്നു വിമർശനമുണ്ട്.നെൽപാടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന കീടനാശിനി കാർബോസൾഫാൻ നിരോധിക്കാനുള്ള ശുപാർശ സെൻട്രൽ ഇൻസെക്ടിസൈഡ്സ് ബോർഡ് ആൻഡ് റജിസ്ട്രേഷൻ കമ്മിറ്റി കൃഷി മന്ത്രാലയത്തിനു നൽകി. ഇതുസംബന്ധിച്ച ഉത്തരവ് ഈ മാസം അവസാനം ഇറങ്ങുമെന്നാണു വിവരം.
Fashion ⏭️


