NEWS
യൂറോപ്പിലെ ഉയരം കൂടിയ മല കീഴടക്കി 74 വയസ്സുകാരൻ ടി.ജെ.മാഴ്സ്

കാവുംമന്ദം∙ പ്രായം കരുത്താക്കി ഉയരങ്ങൾ ഓരോന്നായി കീഴടക്കുകയാണ് ടി.ജെ. മാഴ്സ് എന്ന നാട്ടിൻ പുറത്തുകാരൻ വ്യാപാരി. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ പർവതം ആയ റഷ്യയിലെ മൗണ്ട് എൽബ്രൂസ് വിജയകരമായി കാൽക്കീഴിലാക്കിയിരിക്കുകയാണു ഇദ്ദേഹം. 74 വയസും 6മാസവും 26 ദിവസവും എത്തിനിൽക്കുന്ന പ്രായത്തിലാണ് ഈ നേട്ടം എന്നതാണ് കൗതുകം. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ആയും ഇദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിക്കഴിഞ്ഞു.തരിയോട് സെന്റ് മേരീസ് യുപി സ്കൂളിൽ പഠിക്കുമ്പോൾ ആണ് ആദ്യ മലകയറ്റം. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ ബാണാസുര മാലയാണ് അക്കാലത്ത് കീഴടക്കിയത്. അന്ന് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഒട്ടേറെ പർവതങ്ങൾ താണ്ടിയ ഇദ്ദേഹം ഈ പ്രായത്തിലും തളരാതെ പുതിയ ഉയരങ്ങൾ തേടുകയാണ്. 5642 മീറ്റർ ആണ് മൗണ്ട് എൽബ്രൂസിന്റെ ഉയരം. ജില്ലയിൽ പ്രവർത്തിക്കുന്ന ട്രക്കിങ് കൂട്ടായ്മ ആയ ബൂട്ട് പാത്ത്സിന്റെ നേതൃത്വത്തിൽ 6അംഗ സംഘത്തോടൊപ്പമാണ് ഇദ്ദേഹം മല കയറിയത്. മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന ഹിമക്കാറ്റും മൈനസ് 20 ഡിഗ്രി തണുപ്പും അതിജീവിച്ചായിരുന്നു യാത്ര.
Fashion ⏭️


