NEWS
ശ്രീജിത്തിനെതിരായ വിജിലൻസ് കേസ്: ആഭ്യന്തര വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി∙ ഡിജിപി എസ്.ശ്രീജിത്തിനെതിരായ വിജിലന്‍സ് അന്വേഷണ ആവശ്യത്തില്‍ തീരുമാനമെടുത്ത് അറിയിക്കാത്തതില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി മിന്‍ഹാജ് ആലം വ്യാഴാഴ്ച നേരിട്ടു ഹാജരാകണമെന്ന് ഹൈക്കോടതി. പരാതിക്കാരനെ കേട്ട് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നുവെങ്കിലും അതു നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഉത്തരവ്. നേരിട്ട് ഹാജരാകാന്‍ വെള്ളിയാഴ്ച വരെ സാവകാശം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ചെറിയ കുഴപ്പമുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൃത്യമായി ചുമതല നിർവഹിക്കുന്നില്ലെന്നും കോടതി വാക്കാല്‍ പറഞ്ഞു.ഡിജിപി ശ്രീജിത്ത് മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടത്. ഇതിനൊപ്പം, യൂണിഫോം ധരിച്ച് യുഎഇയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു, ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ അഴിമതി നടത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങളിലാണ് ശ്രീജിത്തിനെതിരെ ദിപിൻ എടവന വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. നേരത്തെ, ഈ പരാതികൾ വ്യാജമാണെന്ന് കാട്ടി ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് ജസ്റ്റിസ് എ.ബദറുദ്ദീൻ റദ്ദാക്കിയിരുന്നു.
Fashion ⏭️


