ഭർത്താവിന്റെ വിയോഗം താങ്ങാനായില്ല; അന്ത്യചുംബനത്തിനിടെ കുഴഞ്ഞുവീണ് ഭാര്യയും മരിച്ചു

കുര്യച്ചൻ, ഷേർളി
പാലാ: ഭർത്താവിന്റെ വിയോഗത്തിൽ അന്ത്യ ചുംബനം നൽകിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു. പാലാ പുത്തൻപള്ളിക്കുന്നിൽ വാഴയിൽ കുര്യൻ ജോസഫ് (73), ഭാര്യ ഷേർലി കുര്യൻ (71) എന്നിവരുടെ വിയോഗമാണ് നാടിനെ കണ്ണീരിലാഴ്ത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കുര്യൻ ജോസഫിന്റെ മരണം. തുടർന്ന്, തിങ്കളാഴ്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ സംസ്‌കാര ശുശ്രൂഷകൾ നടക്കുന്നതിനിടെ ഭൗതിക ശരീരം പള്ളിയിലേക്ക് എടുക്കുമ്പോഴായിരുന്നു സംഭവം.
ഭർത്താവിന് അന്ത്യ ചുംബനം നൽകി വിടപറയുന്നതിനിടയിൽ ഷേർലി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിച്ചു. കുര്യച്ചന്റെ ഭൗതികശരീരം പള്ളിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം.
വ്യാപാരിയും കേരള കോൺഗ്രസ് സ്റ്റീയറിംഗ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു അന്തരിച്ച കുര്യൻ ജോസഫ്. എടത്വ പച്ചക്കവിൽ കുടുംബാംഗമാണ് ഷേർലി. ആഞ്ചല കുര്യൻ, അന്ന കുര്യൻ, അബി കുര്യൻ എന്നിവരാണ് മക്കൾ. ഇരുവർക്കുമായുള്ള സംയുക്ത സംസ്‌കാര ചടങ്ങുകൾ പാലാ സെന്റ് ജോർജ് ലാലം പുത്തൻപള്ളി സെമിത്തേരിയിൽ നടക്കും. ഒരു ജീവിതകാലം മുഴുവൻ പങ്കുവച്ച പങ്കാളിയുടെ വിയോഗം താങ്ങാനാവാതെ ഷേർലിയുടെ മരണം കുടുംബത്തിനും ബന്ധുക്കൾക്കും വലിയ വേദനയായി മാറിയിരിക്കുകയാണ്.
English Summary
In Pala, Kerala, Shirley Kurian, 71, died on Monday after collapsing while giving a final kiss to her deceased husband, Kurian Joseph, 73, during his funeral service. Joseph had passed away on Saturday. The couple will have a joint burial at Pala St. George Lalam Puthanpally Cemetery.


