തേങ്ങ പൊളിക്കുമ്പോൾ കൈയ്‌ക്ക് പരിക്കേൽക്കുമെന്ന് പേടിവേണ്ട; ഇതാ അഞ്ച് കുറുക്കുവഴികൾ

പ്രതീകാത്മക ചിത്രം
നമ്മുടെ ഭക്ഷണവിഭവങ്ങളിലെല്ലാം സാധാരണയായി ചേർക്കുന്ന ഒരു സ്ഥിരം ചേരുവയാണ് തേങ്ങ. എന്നാൽ തേങ്ങ വൃത്തിയായി പൊട്ടിച്ചെടുക്കുന്നത് പലർക്കും അത്ര എളുപ്പമുള്ള കാര്യമല്ല. നല്ല മൂർച്ചയുള്ള കത്തി ഉപയോഗിച്ചാകും മിക്ക വീടുകളിലും തേങ്ങ പൊട്ടിക്കുന്നത്. ഇത്തരത്തിൽ ചെയ്യുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും. നല്ല ശക്തിയിൽ കത്തി വീശുന്നതിനിടെയിൽ അറിയാതെങ്ങാനും തേങ്ങ വഴുതി മാറിപ്പോയാൽ കൈയിലാകും വെട്ടേൽക്കുന്നത്. എന്നാൽ, കത്തിയുടെ മൂർച്ചയേറിയ ഭാഗങ്ങളുപയോഗിക്കാതെ തേങ്ങ പൊട്ടിക്കാൻ ചില വഴികളുണ്ട്.
നല്ല പച്ച ഈർക്കിൽ തേങ്ങയുടെ മദ്ധ്യഭാഗത്ത് വൃത്തത്തിൽ ഇറുക്കി ചുറ്റിയ ശേഷം ആ ഭാഗം കട്ടിയുള്ള പ്രതലത്തിൽ വച്ചിടിച്ചാൽ നല്ല വൃത്താകൃതിയിൽതന്നെ പിളർന്നുകിട്ടും.
തേങ്ങ ചെറിയ കഷ്‌ണങ്ങളാക്കിയിടുന്ന വിഭവങ്ങളാണ് തയ്യാറാക്കുന്നതെങ്കിൽ കട്ടിയുള്ള ഇരുമ്പ് ഉപയോഗിച്ച ശേഷം തേങ്ങയുടെ തോടിന്റെ എല്ലാ ഭാഗങ്ങളിലും പതിയെ തട്ടുക. അൽപസമയം കഴിയുമ്പോൾ ചിരട്ടയിൽനിന്ന് തേങ്ങ വേർപെട്ട് കിട്ടും.
തേങ്ങ ചുട്ടരച്ചുള്ള വിഭവങ്ങളാണ് തയ്യാറാക്കുന്നതെങ്കിൽ തിയിലിട്ട് ചൂടാക്കിയാൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ ചിരട്ടയിൽനിന്ന് തേങ്ങ എളുപ്പത്തിൽ വേർപെട്ടുവരും. പിന്നീട് ഈ തേങ്ങ ചെറുതായി അരിഞ്ഞെടുത്ത ശേഷം അരപ്പ് തയ്യാറാക്കാം
തേങ്ങാക്കണ്ണെന്നറിയപ്പെടുന്ന ഭാഗത്ത് ദ്വാരമിട്ട് വെള്ളം കളഞ്ഞാൽ തേങ്ങ എളുപ്പത്തിൽ പൊളിക്കാനാകും. വെള്ളം പുറത്തേക്ക് പൊയ്‌ക്കൊഴിഞ്ഞാൽ തേങ്ങയ്‌ക്കുള്ളിൽനിന്നുള്ള മർദം കുറയുന്നതാണ് ഇതിന് കാരണം.
ഇതിനെല്ലാം പുറമെ കൂർത്തിരിക്കുന്ന പാറകളിലോ പടികളിലോ അടിച്ചും തേങ്ങ പൊട്ടിക്കാനാകും.
News ⏭️


