NEWS

മഴക്കെടുതിയിൽ കേരളം; ഭീഷണിയായി തെക്കൻ ഗുജറാത്ത് തീരം മുതൽ  കേരള തീരം വരെ ന്യൂന മർദ്ദ പാത്തി

മഴയെത്തുടർന്ന് തൃശൂർ ഇക്കണ്ടവാര്യർ റോഡിലുണ്ടായ വെള്ളക്കെട്ട് (ഫോട്ടോ: റാഫി എം ദേവസി)

തിരുവനന്തപുരം: തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂന മർദ്ദ പാത്തി തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തി കൂടിയ ന്യൂന മർദ്ദം തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനിടെ തെക്കൻ രാജസ്ഥാൻ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ക്രമേണ ശക്തി കുറഞ്ഞു ന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. ഇക്കാരണങ്ങളാൽ കേരളത്തിൽ ഓഗസ്റ്റ് ഒന്ന് മുതൽ അഞ്ച് വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം, മഴ കനക്കുന്നതിനാൽ പത്തനംതിട്ടയിൽ വിനോദസഞ്ചാരത്തിന് വിലക്കേർപ്പെടുത്തി. ശബരിമല തീർത്ഥാടകർക്ക് യാത്രാനുമതി തുടരും. കോഴഞ്ചേരി, ആറന്മുള ഭാഗങ്ങളിൽ പലയിടങ്ങളിലും വെള്ളം കയറി. പ്രദേശത്തെ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുകയാണ്. പത്തനംതിട്ടയിൽ നിലവിൽ റെഡ് അലർട്ടാണ്.

പത്തനംതിട്ടയ്ക്ക് പുറമെ ഏഴ് ജില്ലകൾക്ക് ഇന്ന് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ജില്ലകൾ. അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

English Summary

The India Meteorological Department said a coastal trough extends from south Gujarat to Kerala, while a strong low-pressure system over southeast Rajasthan is expected to weaken within 24 hours. Due to these weather systems, Kerala is likely to receive heavy rainfall from August 1 to 5.
RELATED TOPICS: KERALA RAIN WARNING, IMD KERALA, HEAVY RAINFALL KERALA, KERALA WEATHER UPDATE

Read News ⏭️

Back to top button